തൃശൂർ: കരാർ ജീവനക്കാരുടെ അഭാവത്തിൽ ജില്ലയിലെ പതിനായിരത്തിലധികം ലാൻഡ് ഫോണുകൾ പ്രവർത്തനരഹിതം. പരാതിപ്പെട്ടാൽ ലാൻഡ് ഫോണിലേക്കുള്ള ഇൻകമിംഗ് കോളുകൾ മൊബൈൽ ഫോണിലേക്ക് ഡൈവേർട്ട് ചെയ്തു തരും. ഇതിന് നിശ്ചിത തുക നൽകണം. കേടായ ലാൻഡ് ഫോണുകൾ പ്രവർത്തനക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും പരാതിയുണ്ടെങ്കിലും പ്രശ്നം രൂക്ഷമാകുന്നത് വേതന കുടിശിക ആവശ്യപ്പെട്ട് കരാർ തൊഴിളാളികൾ ഒന്നരമാസം മുമ്പ് സമരം ആരംഭിച്ചതോടെയാണ്. സംസ്ഥാനത്ത് മിക്കയിടത്തും ഈ പ്രശ്‌നമുണ്ട്. സർക്കാരിൽ യഥാസമയം പണം ലഭിക്കാത്തതിനാൽ ജില്ലയിലെ കരാറുകാരൻ ഏജൻസി പുതുക്കിയിട്ടില്ല. ഇതിനാൽ ജില്ലയിൽ നിലവിൽ കരാർ തൊഴിലാളികളുണ്ടെന്ന് പറയാൻ പറ്റാത്ത സ്ഥിതിയാണ്. പത്തുമാസത്തെ ശമ്പളമാണ് തൊഴിലാളികൾക്ക് ലഭിക്കേണ്ടത്.

പരാതിപ്പെടാം, കാര്യമില്ല

കേടായ ലാൻഡ് ഫോണുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് പരാതിപ്പെടാം. പക്ഷെ, പഴയതുപോലെ ഇതു പരാതിയായി രേഖപ്പെടുത്തില്ല. പരാതികളൊന്നുമില്ലെന്ന റിപ്പോർട്ടാണ് ജില്ലാ ആസ്ഥാനത്ത് നിന്ന് മുകളിലേക്ക് അയക്കുന്നത്. പരാതികൾ കൊടുത്തു മടുത്ത ഉപഭോക്താക്കൾ ഫോണുമായി കണക്‌ഷൻ ഒഴിവാക്കാൻ ചെല്ലുമ്പോഴാണ് ലാൻഡ് ഫോണിലേക്ക് വരുന്ന ഇൻകമിംഗ് കോളുകൾ താത്കാലികമായി ഉപയോക്താവിന്റെ മൊബൈൽ ഫോണിലേക്കു കിട്ടുന്നതിനുള്ള സൗകര്യം ചെയ്ത് നൽകുന്നത്. പണം പോയാലും സാരമില്ല. വർഷങ്ങളായി ഉപയോഗിക്കുന്ന ലാൻഡ് ഫോണിലേക്കുള്ള വിളിയെ ആശ്രയിക്കുന്നവരാണ് പുതിയ സ്‌കീമിലേക്ക് മാറുന്നത്. മൊബൈൽ ഫോൺ സാധാരണമായെങ്കിലും വ്യാപാര ആവശ്യത്തിനായി ലാൻഡ് ഫോണുകളെ ആശ്രയിക്കുന്നവരാണ് ഇക്കൂട്ടത്തിൽ ഭൂരിപക്ഷവും. ഭൂമിക്കടിയിൽക്കൂടി പോകുന്ന കേബിളുകളിൽ വരുന്ന പ്രശ്‌നമാണ് ലാൻഡ് ഫോൺ തകരാറാകാനുള്ള പ്രധാന കാരണം. ഇതു പരിശോധിക്കണമെങ്കിൽ കുഴിയെടുക്കണം. ഇതു ചെയ്യുന്നത് കരാർ തൊഴിലാളികളാണ്.

കാഴ്ച വസ്തു

സർക്കാർ ഓഫീസുകളിൽ വരെ ഇപ്പോൾ ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകൾ കാഴ്ച വസ്തു മാത്രമായി. സർക്കാർ സേവനങ്ങൾക്ക് ഓഫീസിൽ ലാൻഡ്‌ഫോൺ വിളിച്ചാൽ കിട്ടാത്ത സ്ഥിതിയിലാണ്. അത്യാഹിതം ഉണ്ടായാൽ സഹായം തേടുന്നതിനുള്ള ഫോൺ പോലും പ്രവർത്തിപ്പിക്കുന്നതിനു നടപടിയുണ്ടാകുന്നില്ല. വിവിധങ്ങളായ അപേക്ഷകളിൽ പരിഹാരം തേടി വിദൂരങ്ങളിൽ നിന്നു വരെ സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങുന്നവർക്ക് ലാൻഡ് ഫോണുകൾ എടുക്കാതാതോടെ ദുരിതം ഇരട്ടിയാണ്.


ഇരട്ടി നഷ്ടം

പ്രതിവർഷ വാടക മുൻകൂറായി അടച്ചവർ പോലും ഇപ്പോൾ ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ കിട്ടാതെ വലയുകയാണ്. ഇത് നഷ്ടം ഇരട്ടിയാക്കുന്നു. സമരം ഒഴിവാക്കുന്നതിന് ഒരു നടപടിയും എടുക്കുന്നില്ല. ജീവനക്കാരെ മാനസികമായി തളർത്തി സ്വയം വിരമിക്കുന്ന നിലയിലേക്ക് എത്തിക്കുകയാണ് അധികൃതർ-

പി.കെ. ശങ്കരനാരായണൻ (ബി.എസ്.എൻ.എൽ എംപ്‌ളോയീസ് യൂണിയൻ, ജില്ലാ സെക്രട്ടറി)


ജില്ലയിലെ ലാൻഡ് ഫോൺ ഉപഭോക്താക്കൾ: 205000
എക്‌സ്‌ചേഞ്ചുകളുടെ എണ്ണം: 85