തൃശൂർ: ഹൈക്കോടതി നിരീക്ഷണത്തിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ച അത്താണി- മെഡിക്കൽ കോളേജ് റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് സർക്കാർ ഭരണാനുമതി നൽകി. ഇതനുസരിച്ച് ആകെ ടാർ ചെയ്യേണ്ട 3858.30 മീറ്റർ ദൂരത്തിൽ 2735 മീറ്റർ പൊതുമരാമത്ത് റോഡും മെഡിക്കൽ കോളേജ് കാമ്പസിലെ 1173.2 മീറ്റർ ദൂരവും ബി.എം. ആന്റ് ബി.സി മോഡലിൽ ടാറിംഗ് നടത്തും. നേരത്തേ നൽകിയ ഭരണാനുമതിയിൽ മെഡിക്കൽ കോളേജിനകത്തെ ചില റോഡുകൾ ഉൾപ്പെട്ടിരുന്നു.
എന്നാൽ ഈ റോഡുകൾ മെഡിക്കൽ കോളേജിന് അനുവദിച്ച വികസന ഫണ്ടിൽ ഉൾപ്പെട്ടിരുന്നു. നേരത്തേയുണ്ടായിരുന്ന ഭരണാനുമതി അനുസരിച്ച് റോഡ് ടാറിംഗ് നടത്തിയാൽ മെഡിക്കൽ കോളേജിലെ ചില തകർന്ന റോഡുകൾ ടാറിംഗിൽ നിന്ന് ഒഴിവാകും. നേരത്തേ ഉണ്ടായ എസ്റ്റിമേറ്റിൽ ഭേദഗതി വരുത്താൻ അനിൽ അക്കര എം.എൽ.എയും പൊതുമരാമത്ത് വകുപ്പും ആവശ്യപ്പെട്ടെങ്കിലും സർക്കാർ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചു.
അനുമതി ലഭിക്കാതായതോടെയാണ് അനിൽ അക്കര ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയുടെ അടിസ്ഥാനത്തിൽ റോഡ് ഗതാഗതയോഗ്യമാക്കാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുകയും ചെയ്തു. കേസ്സ് കോടതി അടുത്ത ആഴ്ച്ച പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതിയിൽ നൽകിയ ആവശ്യം അംഗീകരിച്ചു കൊണ്ട് ഇപ്പോൾ സർക്കാർ പുതുക്കിയ ഭരണാനുമതി നൽകിയത്.
ഈ ഉത്തരവ് കൂടി വന്നതിന്റെ അടിസ്ഥാനത്തിൽ അത്താണിയിൽ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് പോകുന്ന റോഡും മെഡിക്കൽ കോളേജിനകത്തെ കേടായി കിടക്കുന്ന പ്രധാന റോഡുകളും കാനകളും മുണ്ടത്തിക്കോട്-പെരിങ്ങണ്ടൂർ ജംഗ്ഷൻ വരെയുള്ള റോഡും കൾവർട്ടുകളും ഉൾപ്പെടെ നവംബർ അവസാന വാരത്തോടെ ആരംഭിച്ച് ഡിസംബർ മാസത്തോടു കൂടി നിർമ്മാണം പൂർത്തികരിക്കും.