മാള: ചാലക്കുടിപ്പുഴ കായലുമായി ചേരുന്ന കണക്കൻകടവിലെ ലോഹ തടയണകൾ ഓരോന്നായി നിലംപൊത്തിയപ്പോൾ ഉപ്പുവെള്ളം കയറാതിരിക്കാൻ താത്കാലിക തടയണ നിർമ്മിക്കുന്നു. മണൽ തടയണ നിർമ്മിക്കുന്നതിനുള്ള ഡ്രഡ്ജർ കണക്കൻകടവിൽ എത്തിച്ചു. അടുത്ത ദിവസം നിർമ്മാണം തുടങ്ങുമെന്നാണ് സൂചന. ചാലക്കുടി പുഴയിലേക്ക് ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് കണക്കൻ കടവ് ഭാഗത്തെ കുടിവെള്ള പമ്പിംഗ് ഇതിനകം നിറുത്തിയിരുന്നു
തടയണ കെട്ടുന്നത് വൈകിയാൽ പ്രശ്നം കൂടുതൽ ഗുരുതരമാകുന്ന അവസ്ഥയിലാണ്. ലോഹ തടയണയുടെ പുനർനിർമ്മാണം സംബന്ധിച്ച് ജലസേചന വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം പരിശോധന നടത്താൻ പോലും തയ്യാറാകാത്തതിൽ വ്യാപകമായ പ്രതിഷേധമുണ്ട്. ഇപ്പോൾ വീണ്ടും ലക്ഷങ്ങൾ ചെലവഴിച്ചാണ് താത്കാലിക തടയണ നിർമ്മിക്കുന്നത്. ഒരു വർഷമായി ഇടക്കിടെ തടയണകൾ വെള്ളത്തിലേക്ക് നിലംപതിക്കുകയാണ്. തടയണകൾ ഓരോന്നായി തകർന്ന് വീഴുമ്പോഴും പുനർനിർമ്മാണത്തിനുള്ള നടപടികളൊന്നും ഇതുവരെ ആയിട്ടില്ല.
കണക്കൻകടവിലെ പാലത്തിന്റെ അടിയിൽ സ്ഥാപിച്ചിരിക്കുന്ന ലോഹ നിർമ്മിതമായ പത്ത് തടയണകളിൽ പലതും പൂർണമായി തകർന്നുകിടക്കുകയാണ്. പുഴയും കായലുമായുള്ള ജലവിതാനം തുല്യമാകുന്ന നിലയിലാണ്. ഏതാനും ദിവസം മുൻപ് വരെ പുഴയിലെ ജലവിതാനം ഉയർന്ന നിലയിലായതിനാൽ കായലിലേക്കുള്ള ഒഴുക്കുണ്ടായിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ പുഴയിലെ ജലനിരപ്പ് വലിയതോതിൽ കുറഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ വർഷവും ഇതേസമയത്ത് ഉപ്പുവെള്ളം കയറിയിരുന്നു. പ്രളയജലം ശക്തിയോടെ ഒഴുകിയെത്തിയാണ് ഒരു തടയണ തകർന്ന് ഒഴുകിനീങ്ങിയത്.ശേഷിക്കുന്ന ഒൻപത് തടയണകളിലൂടെ വെള്ളം ചോരുന്നതും വർഷങ്ങളായി തുടരുകയായിരുന്നു.
എറണാകുളം ജില്ലയിലെ ജലസേചന വകുപ്പിന്റെ കീഴിലാണ് കണക്കൻകടവിലെ പാലവും തടയണയുമുള്ളത്. എന്നാൽ ഈ തടയണയുടെ പ്രയോജനം കൂടുതൽ ലഭിക്കുന്നത് തൃശൂർ ജില്ലയിലാണ്. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിലും കുടിവെള്ള വിതരണം ഈ പുഴയെ ആശ്രയിച്ചാണുള്ളത്. തടയണയുടെ നിർമ്മാണം കഴിഞ്ഞ ഒന്നര പതിറ്റാണ്ട് മുൻപ് മുതൽ ചോർച്ച നിലനിന്നിരുന്നു. വേലിയേറ്റത്തിലൂടെ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കി ശുദ്ധജലം നിലനിർത്താനാണ് ഇവിടെ തടയണ നിർമ്മിച്ചത്. ലോഹം കൊണ്ടുള്ള സ്ഥിരം തടയണ നിർമ്മിക്കുന്നതിന് മുൻപുവരെ മണൽ ചാക്ക് നിരത്തിയാണ് ഉപ്പുവെള്ളം തടഞ്ഞിരുന്നത്.
തടയണയിൽ പത്തിലും ചോർച്ച ഉള്ളതിനാൽ ഉപ്പുവെള്ളം കയറുന്നതും പതിവായിരുന്നു. ഉപ്പുവെള്ളം പുഴയിലേക്ക് കയറി കുഴൂർ പഞ്ചായത്തിലെ നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കാർഷിക വിളകൾ മുൻ വർഷങ്ങളിൽ നശിച്ചിരുന്നു. ജലസേചന, കുടിവെള്ള പദ്ധതികൾ നിറുത്തിവെയ്‌ക്കേണ്ട സാഹചര്യങ്ങളും ഈ മേഖലയിൽ ഉണ്ടായിരുന്നു. ജലസേചന വകുപ്പ് അധികൃതർ ഒന്നര പതിറ്റാണ്ടായി പഠനം നടത്തിയിട്ടും പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള പാഠം പഠിച്ചിട്ടില്ല.