തൃപ്രയാർ: വലപ്പാടുള്ള കവി കുഞ്ഞുണ്ണി മാഷ് സ്മാരകത്തിന്റെ താമരക്കുളത്തിൽ നിന്നും മത്സ്യക്കുഞ്ഞുങ്ങളെ കാണാതായി. മോഷണം പോയതായി സംശയിക്കുന്നു. മാഷുടെ കുടുംബാംഗങ്ങളാണ് മത്സ്യങ്ങൾക്ക് പതിവായി തീറ്റ നൽകിയിരുന്നത്. തീറ്റ നൽകാനായി കഴിഞ്ഞദിവസം എത്തിയപ്പോഴാണ് മത്സ്യമോഷണം ശ്രദ്ധയിൽപ്പെട്ടത്. അരി മണികൾ വിതറി വീശുവല ഉപയോഗിച്ചാണ് മീൻ കവർന്നിട്ടുള്ളതെന്ന് കരുതുന്നു.
അതിനായി ഉപയോഗിച്ച അരിമണികൾ കുളത്തിന്റെ ചുറ്റും ചിതറി കിടപ്പുണ്ട്. 2 മാസം മുൻപാണ് കുഞ്ഞുണ്ണി മാഷ് സ്മാരകം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയതത്. സ്മാരകത്തിൽ എത്തിചേരുന്നവർക്ക് ഹ്യദ്യമായ ഒരനുഭവമായിരുന്നു താമരക്കുളം. കുളത്തിൽ നിറഞ്ഞു നില്ക്കുന്ന ചെന്താമരകളും അവക്കിടിയിൽ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.