എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലേക്കുള്ള വഴി സ്വകാര്യ വ്യക്തി കൈയേറ്റം ചെയ്തതായി പരാതി. നെല്ലുവായ്, മുരിങ്ങത്തേരി, പതിയാരം, കുന്നത്തേരി പാടശേഖരങ്ങളിലേക്കുള്ള കൊടക്കലാത്ത് വഴിയാണ് കമ്പിവേലി കെട്ടി അടച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ ഉൾപ്പെടുന്ന പ്രദേശമായിട്ടും നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. കൈയേറ്റങ്ങളൊഴിവാക്കി പാടശേഖരത്തിലേക്കുള്ളവഴി ട്രാക്ടർ ഇറങ്ങുവാൻ കഴിയുന്ന തരത്തിൽ പുനർനിർമ്മിക്കണമെന്ന് കേരള കർഷകസംഘം എരുമപ്പെട്ടി വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വില്ലേജ് കമ്മിറ്റി അറിയിച്ചു. യോഗത്തിൽ വടക്കാഞ്ചേരി ഏരിയാ ജോയിന്റ് സെക്രട്ടറി പി.ടി. ജോസഫ്, വില്ലേജ് കമ്മിറ്റി സെക്രട്ടറി എൻ.ബി. ബിജു, പ്രസിഡന്റ് പി.എം. മുഹമ്മദ് സലിം, ട്രഷറർ കെ.കെ. യോഗേഷ്, ടി. കുട്ടികൃഷ്ണൻ, സെയ്തു മുഹമ്മദ് എന്നിവർ സംസാരിച്ചു.