തൃശൂർ: സംസ്ഥാനത്തെ ദേശീയപാത കടന്നുപോകുന്ന പ്രധാന കേന്ദ്രങ്ങളിൽ ആവശ്യത്തിന് പൊതു മൂത്രപ്പുരകളും കക്കൂസുകളും നിർമ്മിക്കണമെന്ന് വനിതാ കമ്മിഷൻ. ദീർഘ ദൂരയാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾക്ക് ഹോട്ടലുകളെയും പെട്രോൾ പമ്പുകളെയുമാണ് പ്രാഥമിക ആവശ്യങ്ങൾക്കായി ആശ്രയിക്കേണ്ടിവരുന്നത്. ഇവയൊന്നും സ്ത്രീ സൗഹൃദമോ വൃത്തിയുളളതോ അല്ലെന്നതാണ് വാസ്തവം. പലപ്പോഴും സ്ത്രീകളുടെ സ്വകാര്യത പോലും മാനിക്കപ്പെടാത്ത വിധമാണ് പൊതുശൗചാലയങ്ങളുടെ വരെ നിർമ്മിതി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇത് മൂലം വനിതകൾക്കുണ്ടാകുന്നതെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ പറഞ്ഞു. തൃശൂരിൽ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പലപ്പോഴും സ്ത്രീകളുടെ ടോയ്‌ലെറ്റുകൾ പുരുഷൻമാർ ഉപയോഗിക്കുന്ന സ്ഥിതിയാണ്. പല പെട്രോൾ പമ്പുകളിലും പൊതുഇടങ്ങളിലും കണ്ട് വരുന്നത്. ഈ സ്ഥിതി മാറേണ്ടതുണ്ട്.
നിലവിലെ ആറ് ടോയ്‌ലെറ്റുകൾ അകാരണമായി പൂട്ടിയിട്ട കാഞ്ഞാണി മഗ്യാർ പ്ലാസയുടമയോട് അവ അടിയന്തരമായി തുറന്ന് നൽകാൻ കമ്മിഷൻ നിർദ്ദേശം നൽകി. മുപ്പതിലേറെ കടമുറികളുളള മഗ്യാർ പ്ലാസയിലെ ടോയ്‌ലെറ്റുകൾ കടയുടമ പൂട്ടിയെന്ന് കാണിച്ച് കമ്മിഷന് ഇരുപത്തിയഞ്ചിലേറെ സ്ത്രീകൾ നൽകിയ കൂട്ടപരാതി പരിഗണിച്ചാണ് കമ്മിഷന്റെ നിർദ്ദേശം. മണലൂർ പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തിൽ ഇടപെട്ട് ടോയ്‌ലെറ്റുകൾ തുറന്ന് നൽകിയതിന് ശേഷം ഡിസംബർ 12 ന്റെ അടുത്ത സിറ്റിംഗിൽ റിപ്പോർട്ട് നൽകണമെന്നും സെക്രട്ടറിയും കടയുടമയും അന്ന് നേരിട്ട് ഹാജാരകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.