തൃശൂർ: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള കേരള ലക്ഷ്മി മില്ലിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ സ്ത്രീകളെ കൊണ്ട് രാത്രിയിൽ പണിയെടുപ്പിക്കുന്നത് വലിയ മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമാകുന്നവെന്ന പരാതിയിൽ കമ്പനി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വനിതാകമ്മിഷൻ വിവരം ആരാഞ്ഞു. കോടതിയുടെ പരിഗണനയിലുളള കേസായതിനാൽ കമ്മിഷന് നേരിട്ട് ഇടപെടാനാകില്ലെന്നും എന്നാൽ മുന്നൂറിലേറെ സ്ത്രീകളെ കൊണ്ട് രാത്രി ജോലി ചെയ്യിക്കുന്നത് സുരക്ഷയുടെയും വിവേചനത്തിന്റെയും മാത്രം പ്രശ്‌നമല്ലെന്നും അധ്വാനത്തിന്റെ ചൂഷണം കൂടിയാണെന്നും എം.സി. ജോസഫൈൻ പറഞ്ഞു.
അന്യദേശങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന കേരളത്തിലെ പുതുതലമുറിയിൽ ലിവിംഗ് കോഹാബിറ്റേഷൻ സർവസാധാരണമായി വരികയാണെന്നും ഇത് സംബന്ധിച്ച വിവിധ പരാതികൾ കമ്മിഷന് ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മാതാപിതാക്കളറിയാതെ ജീവിക്കുകയും വിവാഹിതരാവാതെ ഒന്നിച്ച് കഴിയുകയും ചെയ്ത് അവസാനം ബന്ധങ്ങൾ ശിഥിലമായി തീരുന്ന സ്ഥിതി വിശേഷം സർവസാധാരണമാണെന്ന് പരാതികൾ ഉണ്ടാവുന്നുണ്ടെന്ന് കമ്മീഷൻ സൂചിപ്പിച്ചു.
സിറ്റിംഗിൽ 61 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 12 എണ്ണം തീർപ്പാക്കി. എട്ട് എണ്ണം റിപ്പോർട്ടിനായി മാറ്റിവച്ചു. ഇരു കക്ഷികളും ഹാജരാകാത്ത നാല് കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ പുറമേ കമ്മിഷൻ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ്. താര, ഡയറക്ടർ എസ്.പി. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. അടുത്ത സിറ്റിംഗ് ഡിസംബർ 12 ന് നടക്കും.