ഗുരുവായൂർ. റവന്യൂ ജില്ലാ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ഇന്ന് രാവിലെ ഒമ്പതിന് പ്രധാനവേദിയായ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി അദ്ധ്യക്ഷയാകും. നടൻ വി.കെ. ശ്രീരാമൻ കലോത്സവ സന്ദേശം നൽകും. സംവിധായകൻ കലവൂർ രവികുമാർ വിശിഷ്ടാതിഥിയാകും.
ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മമ്മിയൂർ എൽ.എഫ് ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ ഗവ. യു.പി സ്കൂൾ, മുതുവട്ടൂർ ശിക്ഷക് സദൻ എന്നിവിടങ്ങളിലായി 14 വേദികളിലായാണ് കലോത്സവം നടക്കുക. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 105 വിഭാഗങ്ങളിലും, ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളിലും യു.പി വിഭാഗത്തിൽ 38 ഇനങ്ങളിലുമാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്‌കൃതോത്സവത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ 19 ഇനങ്ങളുമാണ് ഉള്ളത്. അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ 13 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളുമാണുള്ളത്.
മേളയ്‌ക്കെത്തുന്ന മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും മൂന്നു നേരവും പായസത്തോട് കൂടി വിഭവസമൃദ്ധമായ സദ്യയാണ് നൽകുന്നത്. മമ്മിയൂർ കൈലാസം ഓഡിറ്റോറിയത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. വിവിധ വേദികളിൽ നിന്നും ഭക്ഷണശാലയിലേയ്ക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും.
നാലു ദിവസം നീളുന്ന കലോത്സവത്തിന് വെള്ളിയാഴ്ച സമാപനമാകും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷനാകും.
വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻമാരായ ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി, ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. ഗീത, വി.കരീം, സന്തോഷ് ഇമ്മട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.