കൊടുങ്ങല്ലൂർ: തെക്കെനടയിലുള്ള ശ്രീകാളീശ്വരി റോഡിലെ വെള്ളക്കെട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയിറക്കി പ്രതിഷേധിച്ചു. വർഷകാലത്ത് ആരംഭിച്ച വെള്ളക്കെട്ട് ആറുമാസമായി തുടരുന്നതിനാൽ പ്രദേശവാസികളും ഇതിലൂടെ യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
വാർഡ് കൗൺസിലറുടെയും ചെയർമാന്റെയും കഴിവില്ലായ്മ മൂലമാണ് പരിഹാരമില്ലാത്തതെന്നാണ് കോൺഗ്രസ് ആരോപണം. ബെന്നി ബെഹ്നാൻ എം.പി, കളക്ടറെ ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും നഗരസഭാ ചെയർമാന്റെ ധിക്കാരവും പിടിവാശിയും മൂലം ഒന്നും നടന്നില്ലെന്നും കോൺഗ്രസ് പറയുന്നു.
മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.എം. മൊഹീയുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, വേണു വെണ്ണറ, സി.എസ്. ശ്രീനിവാസ്, ഇഎസ്. സാബു, കെ.പി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വക്കച്ചൻ അമ്പുക്കൻ, പി.യു. സുരേഷ് കുമാർ, എം.എം. മൈക്കിൾ, പി.വി. രമണൻ, കെ.കെ. ചിത്രഭാനു, കെ.കെ.പി. ദാസൻ, റൂവിൻ വിശ്വം, ശ്രീദേവി വിജയകുമാർ, സജി, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നൗഷാദ് പുല്ലൂറ്റ്, പി.എൻ. രാമദാസ്, സുനിൽ പരമേശ്വരൻ, സനൽ സത്യൻ, ഋഷി തുടങ്ങിയവർ നേതൃത്വം നൽകി.
കോൺഗ്രസിന്റേത് രാഷ്ട്രീയ നാടകം: എൽ.ഡി.എഫ്
ശ്രീകാളീശ്വരി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കാന നിർമ്മാണം ആരംഭിച്ചിട്ട് ആഴ്ചകൾ പിന്നിട്ടശേഷമുള്ള കോൺഗ്രസ് സമരം വിലകുറഞ്ഞ രാഷ്ട്രീയ നാടകമെന്ന് എൽ.ഡി.എഫ് ആരോപിച്ചു. കാനയുടെ മുകളിൽ സ്ഥാപിക്കേണ്ട സ്‌ളാബുകളുടെ പണി പൂർത്തിയായി. തുടർന്ന് കാന കുഴിക്കുന്ന പണി ആരംഭിക്കുകയാണ്. സ്ഥലം എം.പിയെ അവിടെ കൊണ്ടുവന്ന് കാണിച്ച ശേഷം അദ്ദേഹം പറഞ്ഞതുകൊണ്ടാണ് കാന പണി തുടങ്ങിയതെന്ന് പ്രചാരണം നടത്തിയവർ ഇപ്പോൾ പണി നടക്കുമ്പോൾ സമരം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചാൽ വിലപ്പോവില്ലെന്നും എൽ.ഡി.എഫ് നേതാക്കളായ കെ.എസ്. കൈസാബ്, സി.കെ.രാമനാഥൻ എന്നിവർ വ്യക്തമാക്കി.
കോൺഗ്രസ് സമരം ഇരട്ടത്താപ്പ്: ബി.ജെ.പി
വെള്ളക്കെട്ടിൽ വഞ്ചിയിറക്കി കോൺഗ്രസ് നടത്തിയ സമരത്തെ ബി.ജെ.പി അപലപിച്ചു. ശ്രീകാളിശ്വരി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കാന പണിയുന്നതിന് 12 ലക്ഷം രൂപ വകയിരുത്തി പണി പുരോഗമിക്കുന്നതിനിടെ നടത്തിയ സമരാഭാസം ബാലിശവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ബി.ജെ.പി. കോൺഗ്രസുകാരനായ കൗൺസിലറുടെ വാർഡിൽ പൈതൃക പദ്ധതി തകർത്ത് സ്വകാര്യ വ്യക്തി നിർമ്മാണം നടത്തിയപ്പോൾ മൗനം ഭജിച്ച കോൺഗ്രസ് ബി.ജെ.പിയുടെ കൗൺസിലറുടെ പരിശ്രമത്തിൽ കാന പണി ആരംഭിച്ചപ്പോൾ നടത്തുന്ന ഇരട്ടത്താപ്പ് തിരിച്ചറിയണമെന്ന് ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത് ലാൽ, പ്രതിപക്ഷ നേതാവു് വി.ജി. ഉണ്ണിക്കൃഷ്ണൻ, കെ.എ. സുനിൽകമാർ, കൗൺസിലർ രേഖാസൽ പ്രകാശ്, ഒ.എൻ. ജയദേവൻ, എ.പി. സന്തോഷ്, ശാലിനി വെങ്കിടേഷ്, ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു.