കൊടുങ്ങല്ലൂർ: യുനെസ്‌കോയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക പൈതൃക വാരത്തോട് അനുബന്ധിച്ച് മുസിരിസ് പദ്ധതി പ്രദേശത്ത് സംഘടിപ്പിക്കുന്ന മുസിരിസ് പൈതൃക വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. 25 വരെ നടക്കുന്ന മുസിരിസ് പൈതൃക വാരത്തിൽ പാലിയം കൊട്ടാരം, പാലിയം കോവിലകം, പറവൂർ ചേന്ദമംഗലം ജൂതപ്പള്ളികൾ, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം മാർക്കറ്റ് എന്നിവിടങ്ങളിൽ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട എക്‌സിബിഷനുകൾ, ക്ലാസുകൾ എന്നിവ നടക്കും.
കോട്ടപ്പുറം കിഡ്‌സിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവനാരുകൾ ഉപയോഗിച്ചുള്ള കരകൗശല, നിത്യോപയോഗ വസ്തുക്കളുടെ നിർമാണവും പ്രദർശനവും, ചേന്ദമംഗലം കൈത്തറി യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള കൈത്തറി ഉത്പന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും, മുസിരിസ് പൈതൃക ചിത്രപ്രദർശനം, ജൂത പാരമ്പര്യത്തെക്കുറിച്ചുള്ള പ്രദർശനം, കോട്ടപ്പുറം കോട്ടയിൽ നിന്നും ഖനനം ചെയ്‌തെടുത്ത പുരാവസ്തുക്കളുടെ പ്രത്യേക പ്രദർശനം എന്നിവ നടക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് പൈതൃകവാരത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും.
മുസിരിസ് പദ്ധതിയ്ക്ക് കീഴിലുള്ള വിവിധ മ്യൂസിയങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും ഇതോടെ തുടക്കമാകും. കോട്ടപ്പുറം ചേരമാൻ പറമ്പ് മുസിരിസ് ആക്ടിവിറ്റി സെന്ററിൽ ഇന്ന് രാവിലെ പത്തിന് പ്രൊഫ. കേശവൻ വെളുത്താട്ട് വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ ജനപ്രതിനിധികളും സംബന്ധിക്കും.