ഗുരുവായൂർ: റവന്യൂ ജില്ലാ കലോത്സവത്തിൽ ഗുരുവായൂർ ദേവസ്വത്തിന് അവഗണന. അവഗണന ശ്രദ്ധയിൽ പതിഞ്ഞതോടെ പരിപാടികളുടെ നോട്ടീസ് സംഘാടകർ പുതുക്കി തയ്യാറാക്കി. നാല് ദിവസം നീളുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കും സമാപന സമ്മേളനത്തിലേക്കും ദേവസ്വത്തിന്റെ പ്രതിനിധികളെ ആരെയും ക്ഷണിച്ചിരുന്നില്ല. കലോത്സവത്തിന്റെ പ്രധാന വേദി ഉൾപ്പെടെ നാല് സ്റ്റേജുകൾ ഉള്ള ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ദേവസ്വത്തിന് കീഴിലുള്ളതാണ്.
ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് സ്കൂളിന്റെ മാനേജർ. ഉദ്ഘാടന, സമാപന ചടങ്ങുകളിൽ നാൽപതിലധികം പ്രാസംഗികരുണ്ടായിട്ടും ദേവസ്വം ചെയർമാനേയോ അഡ്മിനിസ്‌ട്രേറ്ററേയോ ഉൾപ്പെടുത്താതിരുന്നത് മാദ്ധ്യമ പ്രവർത്തകരാണ് ഇന്നലെ വാർത്താ സമ്മേളനത്തിൽ സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേത്തുടർന്ന് സമാപന സമ്മേളനത്തിൽ ചെയർമാന്റെ പേര് ഉൾപ്പെടുത്തി നോട്ടീസ് വീണ്ടും തയ്യാറാക്കുകയായിരുന്നു.