digital-parking
ഗുരുവായൂരിൽ വാഹന പാർക്കിംഗ് ക്രമപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയ ഡിജിറ്റൽ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൻ വി.എസ് രേവതി നിർവഹിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹന പാർക്കിംഗ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഡിജിറ്റൽ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൻ വി.എസ് രേവതി നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ നിർമ്മല കേരളൻ, ടി.എസ്. ഷെനിൽ, കെ.വി. വിവിധ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരായി.
ശബരിമല തീർത്ഥാടന കാലത്ത് ഗുരുവായൂരിൽ പ്രതിദിനം നാലായിരത്തിൽ അധികം വാഹനങ്ങൾ എത്തുന്നുണ്ടെന്നാണ് കണക്ക്. വർഷത്തിൽ ലക്ഷക്കണക്കിന് വാഹനങ്ങളും ക്ഷേത്രനഗരിയിൽ വന്ന് പോകുന്നുണ്ട്. ഈ വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുംവിധം പാർക്കിംഗ് സ്ഥലങ്ങളെ ശാസ്ത്രീയമായി ക്രമീകരിക്കുകയാണ് സ്മാർട്ട് പാർക്കിംഗിലൂടെ ചെയ്യുന്നത്. വ്യത്യസ്ത പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ സമന്വയിപ്പിച്ച് സാങ്കേതിക വിദ്യയുടെ സഹായത്താൽ ഒഴിഞ്ഞ് കിടക്കുന്ന പാർക്കിംഗ് സ്ഥലങ്ങളുടെ വിവരങ്ങൾ, തിരക്കുള്ള സമയം, ശരാശരി പാർക്കിംഗ് സമയം എന്നിവ നഗരപരിധിയിലേക്ക് കടന്നു വരുന്ന വാഹനങ്ങൾക്ക് മുൻകൂട്ടി അറിയുവാനും പാർക്കിംഗിന് വേണ്ടി നഗരത്തിൽ ചുറ്റിത്തിരിയേണ്ട സാഹചര്യം ഒഴിവാക്കുവാനും ഇതുമൂലം സാധിക്കും.
ഡിസ്പ്ലേ ബോർഡുകൾ, മൊബൈൽ ആപ്ലിക്കേഷൻ, നഗരസഭാ വെബ്‌സൈറ്റ് എന്നിവ വഴിയാണ് വിവരങ്ങൾ ലഭ്യമാക്കുന്നത്. പ്രധാന അറിയിപ്പുകൾ നൽകുവാനും ഈ സംവിധാനത്തിലൂടെ കഴിയും. കൊച്ചി സ്റ്റാർട്ട് അപ്പ് മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 'പിൻ പാർക്ക്' പാർക്കിംഗ് മാനേജ്‌മെന്റ് സ്റ്റാർട്ട് അപ്പ് ആണ് ഗുരുവായൂർ നഗരസഭയ്ക്ക് വേണ്ടി ദൗത്യം ഏറ്റെടുത്തിട്ടുള്ളത്.