ഗുരുവായൂർ: ജില്ലാ കലോത്സവത്തിന്റെ അഗ്രശാല ഒരുങ്ങി. അഗ്രശാലയുടെ പാലുകാച്ചൽ ചടങ്ങ് നടി രശ്മി സോമൻ നിർവഹിച്ചു. ഇന്നലെ രാത്രി അത്താഴത്തോടെ ഭക്ഷണ വിതരണവും ആരംഭിച്ചു. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് എത്തുന്ന മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും മൂന്നു നേരവും ഭക്ഷണം നൽകും. ഉച്ചയ്ക്ക് പായസത്തോട് കൂടി വിഭവസമൃദ്ധമായ സദ്യയാണ് തയ്യാറാക്കുന്നത്. വൈകീട്ട് ചായയും ചെറുപലഹാരവും നൽകും. മമ്മിയൂർ കൈലാസം ഓഡിറ്റോറിയത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. നാലായിരത്തിലധികം പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുക. ഒട്ടേറെ കലോത്സവങ്ങൾക്ക് ഭക്ഷണം ഒരുക്കിയിട്ടുള്ള അയ്യപ്പദാസ് ആണ് ഭക്ഷണത്തിന്റെ ചുമതലക്കാരൻ. വിവിധ വേദികളിൽ നിന്നും ഭക്ഷണശാലയിലേക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും.