തൃശൂർ: മുൻകരുതലില്ലാതെ അക്ഷയ കേന്ദ്രം വഴി സാമൂഹികക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടത്തിക്കാനുള്ള നീക്കം പാളി. ഒരേ സമയം സംസ്ഥാനത്തെ 3000ത്തോളം അക്ഷയ സെന്ററുകളിൽ മസ്റ്ററിംഗ് നടത്തിയതുമൂലം സർവർ പണിമുടക്കി. ഇന്നലെ ജില്ലയിലെ പലയിടത്തും മസ്റ്ററിംഗ് മുടങ്ങി. ഇന്ന് സംസ്ഥാന വ്യാപകമായി മസ്റ്ററിംഗ് നിറുത്തിവച്ച് സർവറിന്റെ അറ്റകുറ്റപ്പണി നടത്തി ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
ഈ മാസം 13 മുതൽ ആരംഭിച്ച മസ്റ്ററിംഗ് ആദ്യഘട്ടത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റികളിൽ മാത്രമായിരുന്നു. കഴിഞ്ഞ ദിവസം മുതൽ പഞ്ചായത്ത് തലത്തിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇതോടെയാണ് അക്ഷയകേന്ദ്രങ്ങളിലേക്ക് പെൻഷൻകാരുടെ ഒഴുക്കുണ്ടായത്. പ്രായത്തിന്റെ അവശത മൂലം നടക്കാൻ പോലും കഴിയാത്ത പെൻഷൻകാരെ ബന്ധുക്കളാണ് അക്ഷയ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. നൂറുകണക്കിന് ആളുകളെത്തുന്നതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ ഇരിക്കാൻ പോലും സ്ഥലമില്ല. ഈ മാസം 30തായിരുന്നു മസ്റ്റിംഗ് നടത്താനുള്ള അവസാന തീയതി. പരാതി വ്യാപകമായതോടെ ഇന്നലെ കാലാവധി അടുത്ത മാസം 15ലേക്ക് നീട്ടി.
ഇന്നലെയും മിനിഞ്ഞാന്നും പലയിടത്തും സർവർ തകരാറിലായിരുന്നു. പലരും മസ്റ്ററിംഗ് നടത്താതെ മടങ്ങിപ്പോയി. നാലും അഞ്ചും വാർഡുകൾക്ക് ഒരു അക്ഷയ കേന്ദ്രം എന്ന രീതിയിലാണ് പലയിടത്തും അക്ഷയ കേന്ദ്രങ്ങളുള്ളത്. ഇതാണ് പെൻഷൻകാരെ വലക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.
മസ്റ്ററിംഗ് നടത്തേണ്ടത് ഇവർ
* വാർദ്ധക്യകാല പെൻഷൻ
* കർഷക തൊഴിലാളി പെൻഷൻ
* വിധവാ പെൻഷൻ
* ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ
* 50 കഴിഞ്ഞ അവിവാഹിത വനിതകൾക്കുള്ള പെൻഷൻ
* മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ
പരിഹാരം ഇങ്ങനെ.
* ക്ഷേമ പെൻഷൻകാർക്കായി വാർഡ് തലത്തിൽ ക്യാമ്പുകൾ നടത്തണം.
* ഓരോ വാർഡിലും സംവിധാനം ഒരുക്കണം.
വാർഡുകളിൽ സൗകര്യമൊരുക്കണം
കെട്ടിട നികുതി പിരിക്കാൻ വാർഡുകൾ തോറും ക്യാമ്പ് കളക്‌ഷൻ സെന്റർ ഏർപ്പാടാക്കിയതുപോലെ മസ്റ്ററിംഗിനും സമാന സംവിധാനം ഒരുക്കണം. അക്ഷയകേന്ദ്രങ്ങൾ വഴി മാത്രം മസ്റ്ററിംഗ് നടത്തുന്നത് പ്രായോഗികമല്ല. പ്രായമായവർക്കും നടക്കാനും മറ്റും പറ്റാത്തവർക്കും ഇത് ബുദ്ധിമുട്ടുണ്ടാകും.
- തോമസ് ഉണ്ണിയാടൻ (മുൻ സർക്കാർ ചീഫ് വിപ്പ്)
ജില്ലയിലെ പെൻഷൻ ഗുണഭോക്താക്കൾ 460333
അക്ഷയ കേന്ദ്രങ്ങൾ 217