ഗുരുവായൂർ: അയ്യായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ക്ഷേത്രനഗരിയിൽ തിരിതെളിഞ്ഞപ്പോൾ, ഏതാണ്ടെല്ലാ മത്സരങ്ങളും വൈകാതെ തുടങ്ങാനായതിന്റെ സംതൃപ്തിയിലാണ് സംഘാടകർ. ഭരതനാട്യവും, മോഹിനിയാട്ടവും നാടകവും സംഘനൃത്തവും അടക്കമുളള പ്രധാന ഇനങ്ങൾ അധികം വൈകാതെ തുടങ്ങാനായി. എന്നാൽ നാടകവേദിയെ ചൊല്ലി പരാതികളുയർന്നു. പിന്നിലിരിക്കുന്ന കാണികൾക്ക് മൈക്കിലൂടെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. ശ്രീകൃഷ്ണ സ്‌കൂളിലെ ഓഡിറ്റോറിയം നാടകാവതരണത്തിന് പറ്റിയതുമായിരുന്നില്ല. ജനത്തിരക്കേറെയുളള സ്ഥലമായതിനാൽ അഭിനേതാക്കൾക്കും കാണികൾക്കും വേദി അത്ര പിടിച്ചില്ല. രംഗസംവിധാനം ഒരുക്കുന്നതിനുള്ളവയെല്ലാം ഓഡിറ്റോറിയത്തിന് പുറത്ത് കൂട്ടിയിട്ടിരുന്നത് അഭംഗിയും അസൗകര്യവുമായി. ഗ്രീൻ റൂമും വേണ്ടത്ര സൗകര്യമില്ലായിരുന്നു. ഇന്ന് യു.പിയുടേയും നാളെ ഹയർ സെക്കൻഡറിയുടേയും നാടകങ്ങൾ ഇവിടെ അരങ്ങേറുന്നുമുണ്ട്.

ഗുരുവായൂർ ടൗൺഹാൾ ലഭിച്ചിരുന്നെങ്കിൽ പ്രധാനമത്സരങ്ങൾ നല്ല രീതിയിൽ നടത്താൻ കഴിയുമായിരുന്നു. എന്നാൽ ടൗൺഹാളിന് അപേക്ഷിച്ചെങ്കിലും നാടകോത്സവം നടക്കുന്നതിനാൽ ലഭിച്ചില്ലെന്നാണ് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. മോഹിനിയാട്ടം യു.പി തല മത്സരത്തിനിടെ സി.ഡി. തകരാറിലായി പാട്ട് നിലച്ചതും മത്സരാർത്ഥികളെ കുഴക്കി. വേണ്ടത്ര കാണികളില്ലാത്തതിന്റെ നിരാശയും ചിലർ പങ്കുവച്ചു.


മത്സരം എന്നാ സാറേ?

മത്സരാർത്ഥികൾക്കുളള പാർട്ടിസിപന്റ്‌സ് കാർഡിലും പ്രോഗ്രാം കമ്മിറ്റിയുടെ നോട്ടീസിലും മത്സരതീയതികൾ വ്യത്യസ്തം. കേരളനടനം ഹയർ സെക്കൻഡറി വിഭാഗം മത്സരം 21 ന് നടക്കുമെന്നാണ് കാർഡിലുള്ളത്. എന്നാൽ നോട്ടീസിൽ 22 ന് നടക്കുമെന്നാണുള്ളത്. മുൻകൂട്ടി തീരുമാനിച്ച ചില തീയതികൾ മാറ്റാൻ വിദ്യാഭ്യാസവകുപ്പ് അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ അത് സോഫ്റ്റ് വെയറിൽ കയറിയില്ല. പ്രിന്റ് കൊടുത്തപ്പോൾ പഴയ തീയതിയായി എന്നാണ് പ്രോഗ്രാം കമ്മിറ്റിയുടെ വിശദീകരണം. പ്രോഗ്രാം നോട്ടീസാണ് അന്തിമമെന്നും സംഘാടകർ അറിയിച്ചു.

മത്സരഫലങ്ങളറിയാൻ ക്യു.ആർ കോഡ് തയ്യാറാക്കിയിരുന്നു. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ് ഇത് തയ്യാറാക്കിയത്. ഓൺലൈൻ വഴിയും തത്‌സമയം ഫലങ്ങളറിയാം. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ, ചാവക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ജി.യു.പി സ്‌കൂൾ ഗുരുവായൂർ, ലിറ്റിൽ ഫ്‌ളവർ ഗേൾസ് കോൺവെന്റ് മമ്മിയൂർ, എൽ.എഫ്.യു.പി സ്‌കൂൾ മമ്മിയൂർ, ശിക്ഷക് സദൻ മുതുവട്ടൂർ എന്നീ ഏഴ് വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്. നാല് ദിവസം നീണ്ട കലോത്സവം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സമാപിക്കും. മന്ത്രി സി. രവീന്ദ്രനാഥ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.