കല്ലൂർ: വർഷങ്ങൾ പിന്നിട്ടിട്ടും വൈദ്യുതീകരിക്കാത്തതിനാൽ ആദൂർ സാംസ്കാരിക നിലയത്തിന്റെ ശനിദശ മാറുന്നില്ല. തൃക്കൂർ പഞ്ചായത്തിൽ സാംസ്‌കാരിക നിലയം നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 2013- 14 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നത്. ഈ തുക വിനിയോഗിച്ച് ആദൂരിൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ട് വർഷങ്ങളായി. എന്നാൽ വൈദ്യുതീകരണം നടക്കാത്തതിനാൽ കെട്ടിടത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനായില്ല. കാരണം തിരക്കി ജില്ലാ പഞ്ചായത്തിനെ സമീപിച്ചപ്പോൾ കെട്ടിടം ഗ്രാമപഞ്ചായത്തിന് വിട്ട് നൽകിയിട്ടുള്ളതാണെന്നും തുടർപ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്താണ് നിർവഹിക്കേണ്ടതെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വാദം.
ഈ കെട്ടിടത്തിന്റെ മുകളിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് എജ്യുക്കേഷൻ റിസോഴ്‌സ് സെന്ററിന് എസ്.സി ഫണ്ട് ഉപയോഗിച്ച് സൗകര്യം ഒരുക്കുകയും ചെയ്തിട്ടുള്ളതാണ്. 2018- 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റിസോഴ്‌സ് സെന്ററിന് വേണ്ടുന്ന കമ്പ്യൂട്ടർ ഉപകരണങ്ങളും അനുവദിച്ചിട്ടുണ്ട്. കാലവർഷക്കെടുതിയിൽ വീട് തകർന്ന കുടുംബങ്ങൾ താൽകാലികമായി താമസിച്ചതും ഇവിടെ ആയിരുന്നു.
വൈദ്യുതീകരണം നീണ്ടു പോകുന്നതിനാൽ ആതൂർ കോളനിയിലെ കുട്ടികൾക്ക് ഗുണപ്രദമായ എജ്യുക്കേഷൻ സെന്റർ പ്രവർത്തിക്കാൻ പറ്റാത്ത സ്ഥിതിയാണ്. നിർമ്മാണം പൂർത്തീകരിച്ച് അഞ്ച് വർഷം പിന്നിട്ട കെട്ടിടം വൈദ്യുതീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടകര ബ്ലോക്ക്പഞ്ചായത്ത് അംഗം പ്രീബനൻ ചുണ്ടേലപറമ്പിൽ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ട്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.