എരുമപ്പെട്ടി: വിദ്യാർത്ഥികളുടെ ധീരതയിൽ വീട്ടമ്മയ്ക്ക് ജീവൻ തിരിച്ചു കിട്ടി. കുളത്തിൽ വീണ് പ്രാണനു വേണ്ടി പിടഞ്ഞ ലളിതയെ അഞ്ചാം ക്ലാസുകാരി ഹനന്യയും ആറാം ക്ലാസുകാരായ അനന്തനും കൃഷ്ണനാഥനും ചേർന്നാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് . തോന്നല്ലൂർ കരുവാൻ വീട്ടിൽ ദാസന്റെ ഭാര്യ ലളിതയും (54), അയൽവാസിയായ മിഥില നിവാസിൽ ദിവ്യയുടെ മകൾ ഹനന്യയും തോന്നല്ലൂർ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പടവിൽ നിന്ന് കുളിക്കുന്നതിനിടയിൽ തലകറങ്ങി ലളിത വെള്ളത്തിലേക്ക് വീഴുകയായിരുന്നു. താഴ്ന്ന് പോകുന്ന ലളിതയുടെ കാലിൽ പിടിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഹനന്യയും വെള്ളത്തിലേക്ക് വീണു. വെള്ളത്തിൽ താഴ്ന്ന് പോകുന്നതിനിടയിൽ ഒരു കല്ലിൽ പിടി കിട്ടിയ ഹനന്യ മുകളിലേക്ക് പിടിച്ചു കയറാൻ ശ്രമിക്കുകയും മറുകൈയ്യിൽ ലളിതയുടെ കാൽ വിടാതെ പിടിച്ചു നിൽക്കുകയും ചെയ്തു. സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായിട്ടും മനോധൈര്യം കൈവിടാതെ കല്ലിൽ പിടിച്ചു കിടന്ന് ഉറക്കെ ശബ്ദമുണ്ടാക്കി. ഈ സമയത്ത് തൊട്ടടുത്ത കടവിൽ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന അനന്തനും കൃഷ്ണനാഥും ചേർന്ന് രണ്ട് പേരെയും കുളത്തിൽ നിന്ന് വലിച്ചു കയറ്റി.
അപകടനില തരണം ചെയ്ത ലളിത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ ധീരവും സമയോജിതവുമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ഹനന്യ കുന്നംകുളം ബഥനി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. തോന്നല്ലൂർ മന്തിയത്ത് സുരേഷ് മകൻ അനന്തനും കരുവാൻ വീട്ടിൽ വിശ്വനാഥന്റെ മകൻ കൃഷ്ണനാഥും പുലിയന്നൂർ സെന്റ് തോമസ് യു.പി സ്കൂളിലെ വിദ്യാർത്ഥികളാണ്. സ്വന്തം ജീവൻ വകവെക്കാതെ മറ്റൊരാളുടെ ജീവൻ രക്ഷിച്ച ഹനന്യയും, അനന്തനും, കൃഷ്ണനാഥും നാടിന്റെ അഭിമാന താരങ്ങളായി മാറിയിരിക്കുകയാണ്.