തൃശൂർ: നിക്ഷേപ പദ്ധതികളിലൂടെ സ്വീകരിച്ച 18 കോടിയിലധികം രൂപ നിശ്ചിത സമയത്തു തിരികെ നൽകാതെ ജ്വല്ലറി ഉടമകൾ വഞ്ചിച്ചതായി നിക്ഷേപകരുടെ പരാതി. 180ഓളം പേർ അംഗങ്ങളായി രൂപീകരിച്ച നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റിയാണ് കോലഴിയിലെ സ്വർണ ആലപ്പാട്ട് ജ്വല്ലറി ഉടമകൾക്കെതിരെ പരാതി നൽകിയത്.
ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. 12 മുതൽ 14 ശതമാനമായിരുന്നു പലിശ വാഗ്ദാനം. കാലയളവിനു ശേഷം ഉടമകളെ നേരിൽകണ്ട് ആവശ്യപ്പെട്ടിട്ടും വായ്പ സംഖ്യ മാസങ്ങൾ കഴിഞ്ഞെങ്കിലും തിരികെ ലഭിച്ചില്ല. അസി. പൊലീസ് കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ 45 കോടി രൂപയുടെ ബാദ്ധ്യത ഉണ്ടെന്നാണ് ഉടമകൾ അറിയിച്ചത്. ജ്വല്ലറിയിലെ സ്വർണം മുഴുവൻ മാറ്റുകയും പുതിയതായി ആരംഭിച്ച സൂപ്പർ മാർക്കറ്റ്, ആലപ്പാട്ട് സിൽക്, ഫോ ഹോം ആലപ്പാട്ട്, അനുരഞ്ജന കുറീസ് എന്നീ സ്ഥാപനങ്ങൾ അടയ്ക്കുകയും ചെയ്തു.
മുഖ്യമന്ത്രി, ഡി.ജി.പി, കളക്ടർ, എസ്.പി എന്നിവർക്കു പരാതി നൽകിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചതായും സ്വർണ ആലപ്പാട്ട് ഇൻവസ്റ്റേഴ്സ് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് എം.എൻ.മോഹൻദാസ്, സെക്രട്ടറി കെ.എ.ഐസക്, രക്ഷാധികാരി രവി മേനോൻ എന്നിവർ പറഞ്ഞു.