ഗുരുവായൂർ: ബാൻഡ് വാദ്യത്തിന്റെ വിധികർത്താക്കളിൽ ഒരാൾ ഔദ്യോഗിക ആവശ്യത്തിനായി പോയതിനെ തുടർന്ന് ബാൻഡ് വാദ്യമത്സരം തടസ്സപ്പെട്ടു. വിദ്യാർത്ഥികൾ പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തിരുന്നു ക്ഷീണിതരായി. ചാവക്കാട് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലായിരുന്നു ബാൻഡ് വാദ്യമത്സരം നടന്നിരുന്നത്. സംസ്ഥാന പൊലീസിലെ മൂന്ന് പേരായിരുന്നു ഇവിടെ വിധികർത്താക്കളായി ഉണ്ടായിരുന്നത്. രാവിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ബാൻഡ് വാദ്യമത്സരം കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ ഹൈസ്കൂൾ വിഭാഗത്തിന്റെ മത്സരം തുടങ്ങാറായപ്പോഴാണ് വിധികർത്താക്കളിൽ ഒരാൾ മുങ്ങിയത്. ബ്യൂഗിൾ വായനയുടെ വിധികർത്താവായ ഇ.എം. ഇഗ്‌നേഷ്യസ് ആണ് മത്സരത്തിനിടെ മുങ്ങിയത്. ജില്ലയിലെ മറ്റൊരു ചടങ്ങിൽ ബ്യൂഗിൾ വായിക്കുന്നതിനായി പൊലീസുകാർ വന്ന് ഇദ്ദേഹത്തെ കൂട്ടി കൊണ്ടുപോകുകയായിരുന്നു. ഇതോടെ രണ്ട് വിധികർത്താക്കളെ മാത്രം ഉൾപ്പെടുത്തി ബാൻഡ് വാദ്യ മത്സരം തുടർന്നെങ്കിലും രക്ഷിതാക്കൾ പരാതിപ്പെട്ടതോടെയാണ് മത്സരം താത്കാലികമായി നിറുത്തിയത്. രണ്ട് വിധികർത്താക്കൾ മാത്രമായി മത്സരം തുടരുകയാണെങ്കിൽ അവസാനം വരെ രണ്ട് പേർമാത്രമേ ഉണ്ടാകാൻ പടുള്ളൂവെന്ന് രക്ഷിതാക്കൾ പറഞ്ഞു. ബ്യൂഗിൾ വിധികർത്താവ് ഇടയിൽ കയറി വന്നാൽ അത് മറ്റ് സ്കൂളുകളുടെ മാർക്കുകളെ ബാധിക്കാം എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ ഈ നിർദേശം മുന്നോട്ട് വച്ചത്. ഇതോടെ ബ്യൂഗിൾ വിഭാഗത്തിന് വിധികർത്താവ് എത്തിയ ശേഷം മത്സരം തുടർന്നാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് ബ്യൂഗിൾ വിധികർത്താവായ ഇഗ്‌നേഷ്യസ് തിരിച്ചെത്തിയ ശേഷം 3.45 ഓടെയാണ് മത്സരം തുടങ്ങിയത്.