പി.എസ്.എം കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
കുന്നംകുളം: പെരുമ്പിലാവ് പി.എസ്.എം ഡെന്റൽ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ അനിശ്ചിതകാല സമരം. കോളേജ് ആരംഭിച്ച് 12 വർഷമായിട്ടും നിയമാനുസൃതമായ ഗ്രൗണ്ട് ഇല്ലാതിരിക്കുകയും പി.ടി.എ കമ്മിറ്റി രൂപീകരിക്കാതിരിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റിനെതിരെ വിദ്യാർത്ഥികൾ സംയുക്തമായി പഠിപ്പ് മുടക്കിയും ഒ.പി തടസ്സപ്പെടുത്തിയും സമരം ആരംഭിച്ചു.
പി.ടി.എ ഫണ്ടായി പതിനായിരം രൂപയും യൂണിയൻ ഫണ്ടായി നാലായിരം രൂപയും ഓരോ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നുണ്ടെങ്കിലും ആർട്ട്‌സ് സയൻസ് ഫെസ്റ്റുകളൊന്നും ഇവിടെ നടത്താറില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് ഈ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ സൂചന സമരം നടത്തിയിരുന്നു. അന്ന് ആവശ്യങ്ങൾ അംഗീകരിച്ചതായി മാനേജ്‌മെന്റ് അറിയിച്ചെങ്കിലും ഒന്നും നടപ്പിലാക്കിയില്ല. ഇതാണ് വിദ്യാർത്ഥികളെ വീണ്ടും സമരത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് പ്രതീകാത്മക ആർട്ട്‌സ് ഫെസ്റ്റ് നടത്തുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇന്നലെ രാവിലെ എട്ടിന് സമരം ആരംഭിച്ചിട്ടും മാനേജ്മെന്റ് പ്രതിനിധികൾ ആരും തന്നെ കോളേജിൽ എത്തിയില്ല. കോളേജ് പ്രിൻസിപ്പാൾ ഉൾപ്പെടെ അദ്ധ്യാപകരും തങ്ങൾക്കൊപ്പമാണെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി. പ്രിൻസിപ്പാൾ ഹരി ആർ പിള്ളയുമായി വിദ്യാർത്ഥി നേതാക്കൾ ചർച്ച നടത്തിയെങ്കിലും തീരുമാനമൊന്നും ആവത്തതിനാൽ ഇന്ന് വീണ്ടും ചർച്ച നടത്തും.
യൂണിയൻ ചെയർമാൻ ജി. വിഷ്ണു, വൈസ് ചെയർമാൻ ശ്രീഹരി, ആതിര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. സമരത്തിന് പിന്തുണ നൽകി കെ.എസ്.യു പ്രവർത്തകരും കോളേജിലെത്തിയിരുന്നു.