navathi
നവതി ആഘോഷിക്കുന്ന കെ.കെ. ചന്ദ്രസേനന് ചാലക്കുടി പൗരാവലിയുടെ ഉപഹാരം സമ്മാനിക്കുന്നു

ചാലക്കുടി: ജനാധിപത്യമാണ് എല്ലാ സംവിധാനങ്ങളുടേയും നിലനിൽപ്പും രാജ്യത്തിന്റെ അടിത്തറയെന്നും മഹാരാഷ്ട്ര മുൻ ഗവർണ്ണർ കെ. ശങ്കരനാരായണൻ. നഗരസഭ മുൻ വൈസ് ചെയർമാനും പത്രപ്രവർത്തകനുമായിരുന്ന കെ.കെ. ചന്ദ്രസേനന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി പൗരാവലി സംഘടിപ്പിച്ച ചന്ദ്രായനം 90 ആദരണീയവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ഇല്ലാതായൽ മതേതരത്വവും ഭരണസംവിധാനവുമെല്ലാം തകരും. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിജ്ഞാബദ്ധരാണ്. ശങ്കരനാരായണൻ തുടർന്നു പറഞ്ഞു. അധികാര പടച്ചട്ടയെ മാറ്റി നിറുത്തി, പൊതു നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകനായിരുന്നു ചന്ദ്രസേനൻ. ഈ ഗുണങ്ങളാൽ അദ്ദേഹം എല്ലാ വിഭാഗങ്ങൾക്കും ഒരു പോലെ പ്രിയങ്കരനായി. ശങ്കരനാരായണൻ കൂട്ടിച്ചേർത്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ചടങ്ങിൽ അദ്ധ്യക്ഷയായി. മുൻ എം.പിമാരായ പി.സി. ചാക്കൊ, സാവിത്രി ലക്ഷ്മണൻ, കെ.പി. ധനപാലൻ, മുൻ എം.എൽ.എ എ.കെ. ചന്ദ്രൻ, ഗായത്രി ആശ്രമമഠാധിപതി സച്ചിദാനന്ദ സ്വാമികൾ, മുനിസിപ്പൽ വൈസ് ചെയർമാൻ വിത്സൺ പാണാട്ടുപറമ്പിൽ, പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ, പ്രസ്‌ക്ലബ് പ്രസിഡന്റ് പി.കെ. സിദ്ധിഖ്, മുൻ മുനിസിപ്പൽ ചെയർമാൻ ജോസ്‌ പൈനാടത്ത്, പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിബുവാലപ്പൻ, പ്രസ് ക്ലബ് സെക്രട്ടറി സി.കെ പോൾ എന്നിവർ പ്രസംഗിച്ചു. ചന്ദ്രായനം 90ന്റെ സ്മരാണാർത്ഥമുള്ള ഉപഹാരം, കെ. ശങ്കരനാരായണൻ, പി.സി. ചാക്കോ, ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ എന്നിവർ ചേർന്ന് കെ.കെ. ചന്ദ്രസേനന് സമ്മാനിച്ചു.