കൊടുങ്ങല്ലൂർ: നഗരസഭയിൽ എൽ.ഡി.എഫും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികളാണെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം നടത്തിയ ഒന്നിച്ചുള്ള പ്രസ്താവനയെന്ന് കോൺഗ്രസ് ആരോപിച്ചു. വാർഡ് കൗൺസിലറായ ബി.ജെ.പി പ്രതിനിധിയും നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫും ഇത്രയും നാളായിട്ടും ഒരു ചെറുവിരൽ അനക്കാൻ മുതിരാതെ പ്രസ്താവനയിൽ മാത്രം ഒതുങ്ങിയിരിക്കെ, ജനങ്ങളുടെ ആവശ്യപ്രകാരമാണ് കോൺഗ്രസ് രംഗത്തിറങ്ങിയത്. കൊടുങ്ങല്ലൂർ നഗരസഭയിൽ കഴിഞ്ഞ കുറച്ചു നാളുകളായി എൽ.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചാണ് ഭരിക്കുന്നത്. കഴിഞ്ഞ മഴക്കെടുതിയിൽ നൂറുകണക്കിന് ആളുകൾ വീടും, ധന സഹായവും കിട്ടാതെ വലയുമ്പോൾ ഒരു ചെറുവിരൽ അനക്കാതെ ഇരിക്കുമ്പോൾ കോൺഗ്രസിന്റെ സമരം കണ്ട് അസഹിഷ്ണുത പൂണ്ടാണ് ഇരുകൂട്ടരും കോൺഗ്രസിനെതിരെ ഒന്നിച്ചുള്ള പ്രസ്താതാവനയുമായി രംഗത്തിറങ്ങിയതെന്ന് കോൺഗ്രസ് നേതാക്കളായ കെ.പി. സുനിൽകുമാറും, ഇ.എസ് സാബുവും ഡിൽഷൻ കൊട്ടെക്കാടും പത്രക്കുറിപ്പിൽ പറഞ്ഞു.