ഗുരുവായൂർ: നാടക മത്സരത്തിന് സംഘാടകർ വേണ്ട പ്രാധാന്യം നൽകുന്നില്ലെന്ന് ആക്ഷേപം. ജില്ലാ കലോത്സവത്തിലെ നാടകമത്സരം അരങ്ങേറിയ വേദിയിലെ ശബ്ദക്രമീകരണം വളരെ മോശപ്പെട്ടതായിരുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. മറ്റ് മത്സരങ്ങളേക്കാളേറെ മത്സരാർത്ഥികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നാടകാഭിനയത്തിലാണ്. എന്നാൽ നൃത്തമത്സരങ്ങൾക്കാണ് സംഘാടകർ ഏറെ പ്രാധാന്യം നൽകുന്നതെന്നാണ് നാടകാസ്വാദകരുടെ പരാതി.
ഇന്നലെ നാടകമത്സരം നടന്ന ശ്രീകൃഷ്ണ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലെ സ്‌റ്റേജിൽ ഒരുക്കിയിരുന്ന മൈക്കുകൾ വളരെ നിലവാരം കുറഞ്ഞവയായിരുന്നു. നാടകം ആസ്വാദിക്കാനെത്തിയവർക്ക് നാടകത്തിലെ ശബ്ദം കൃത്യതയോടെ ശ്രവിക്കാനാകാത്ത സ്ഥിതിയായിരുന്നു. കഥാപാത്രങ്ങൾ പറയുന്നത് എന്താണെന്ന് കൃത്യമായി സദസ്സിലിരിക്കുന്ന കാണികൾക്ക് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനാൽ അഭിനേതാക്കളായ വിദ്യാർത്ഥികൾക്ക് ഏറെ ഉച്ചത്തിൽ ശബ്ദിക്കേണ്ടിയും വന്നു. അരമണിക്കൂർ നീണ്ട് നിൽക്കുന്ന അഭിനയത്തിൽ ഏറെ ഉച്ചത്തിൽ ശബദിക്കേണ്ടിവരുന്നത് വിദ്യാർത്ഥികൾക്ക് ഏറെ മാനസിക സംഘർഷത്തിന് കാരണമാക്കിയിരുന്നു. അതേ സമയം നൃത്തമത്സരങ്ങൾ അരങ്ങേറിയ വേദികളിലെല്ലാം മികച്ച ശബ്ദ സംവിധാനമായിരുന്നു സംഘാടകർ ഒരുക്കിയിരുന്നത്.
നാടകാഭിനയത്തിന് വേണ്ടത്ര പ്രാധാന്യം സംഘാടകർ നൽകാത്തതിനാലാണ് ഇതെന്ന് നാടകം ആസ്വാദകർ പരാതിപ്പെടുന്നുണ്ട്. പൊതുവെ ഈ വർഷത്തെ നാടകങ്ങൾ നിലവാര തകർച്ച അനുഭവപ്പെടുന്നുണ്ടെന്നും പല നാടകങ്ങളും മുൻ വർഷങ്ങളുടെ ആവർത്തനമായി വരുന്നവയാണെന്നുമാണ് ഇവർ പറയുന്നത്. സ്കൂൾ തലത്തിൽ നാടകത്തിന് വേണ്ടത്ര പ്രാധാന്യം നൽകണമെന്നും വിദ്യാർത്ഥികൾക്കായി സ്‌ക്കൂൾ തലത്തിൽ നാടക കളരി ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.