ചാലക്കുടി: ഒരു വർഷം മുമ്പ് കൊന്നക്കുഴിയിൽ പിതാവിനെ, മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും അറസ്റ്റിൽ. ആന്ത്രക്കാംപാടം മണിയാടൻ വീട്ടിൽ ബാബുവിന്റെ മകൾ ഷാലി(37)യാണ് അറസ്റ്റിലായത്. ഇവരുടെ മകൻ 19 കാരൻ ബാലുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊന്നക്കുഴി കുന്നുമ്മൽ ബാബുവാണ് ഒരു വർഷം മുമ്പ് മരിച്ചത്. ഈയിടെ ബൈക്ക് മോഷണക്കേസിൽ പിടിയിലായ ബാലു ചോദ്യം ചെയ്യലിനിടെയാണ് പിതാവിന്റെ മരണം അപകടം മൂലമായിരുന്നില്ലെന്ന് വെളിപ്പെടുത്തിയത്.
രാത്രിയിൽ മദ്യപിച്ചെത്തിയ അച്ഛനെ കശപിശയ്ക്കിടെ തലയ്ക്ക് വടികൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. വഴക്കിനിടെ ബാബുവിന്റെ ഭാര്യ ഷാലിയും ഇയാളെ കസേര കൊണ്ട് അടിച്ചു. പിന്നീട് കൊലപാതകം അപകട മരണമാണെന്ന് പുറത്തു പ്രചരിപ്പിക്കാൻ മകനെ പ്രേരിപ്പിച്ചതും ഷാലിയായിരന്നു. ബാബുവിനെ അടിച്ച വടി ഇവർ നശിപ്പിക്കുകയും ചെയ്തു. പ്ലാവിൽ നിന്നും വീണാണ് ബാബുവിന് പരിക്കേറ്റതെന്ന് ഷാലി ആശുപത്രിയിലും മൊഴികൊടുത്തിരുന്നു.
രണ്ടര മാസത്തിനു ശേഷം കൊന്നക്കുഴിയിലെ വീട്ടിൽ വച്ചായിരുന്നു ബാബുവിന്റെ മരണം. സംഭവത്തിനു ശേഷം ഇയാൾക്ക് ബോധം വീണ്ടു കിട്ടിയിരുന്നില്ല. മൃതദേഹം ക്രിമറ്റോറിയത്തിൽ സംസ്‌കരിക്കുകയും ചെയ്തു. ഭർത്താവിന്റെ മരണം കഴിഞ്ഞ് ഷാലി ഉറുമ്പൻകുന്നിലെ ഒരു യുവാവിനോടൊപ്പം പോയിരുന്നു. ആലീസ് എന്ന സ്ത്രീയുടെ കൊലപാതകത്തെ തുടർന്ന് ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തുന്നത്. ഈ സന്ദർഭത്തിലാണ് ആളൂർ ഭാഗത്തെ ഒരു ഒഴിത്ത വീട്ടിൽ രണ്ടു പേർ താമസിക്കുന്നതായി ചാലക്കുടി ഡിവൈ.എസ്.പിക്ക് രഹസ്യവിവരം കിട്ടുന്നത്.
ഇതേത്തുടർന്ന് ആളൂർ ഭാഗത്ത് പ്രത്യേകാന്വേഷണ സംഘം നടത്തിയ വ്യാപക പരിശോധനയിലാണ് ഷാലി പിടിയിലായത്. ഡിവൈ.എസ്.പി: സി.ആർ സന്തോഷ്, എസ്.ഐ: ബി.കെ. അരുൺ, എ.എസ്.ഐമാരായ ജിനു മോൻ തച്ചേത്ത്, ടി.ബി. സുനിൽകുമാർ, റോയ് പൗലോസ്, പി.എം. മൂസ സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് സെപഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എ.എസ്.ഐ: രാജേഷ്, വനിതാ സീനിയർ സി.പി.ഒ: ഷീബ അശോകൻ, സി.പി.ഒ: രൂപേഷ് എന്നിവരടങ്ങിയ സംഘമാണ് ഷാലിയെ പിടികൂടിയത്.
കൊലപാതകശേഷം മകൻ മോഷണത്തിലേക്ക്
പിതാവിനെ കൊലപ്പെടുത്തിയതോടെ ബാലു തിരിഞ്ഞത് മോഷണത്തിലേക്ക്. ഭർത്താവിന്റെ കൊലപാതകം മറച്ചുവച്ച, ഷാലി അധികം വൈകാതെ നാല് ആൺമക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയി. ഇതോടെ കൊന്നക്കുഴി രണ്ടു സെന്റ് കോളനിയിൽ ബാലുവും സഹോദരങ്ങളും തനിച്ചായി. മൂന്നു സഹോദരങ്ങളെയും പഠിപ്പിക്കുന്ന ചുമതല, ബാലുവിനെ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പ്രേരിപ്പിച്ചുവെന്ന് കരുതുന്നു.
രണ്ടുസെന്റ് കോളനിയിലെ ഇടിഞ്ഞു വീഴാറായ വീട്ടിൽ താമസിക്കുന്നതിനിടെ യുവാവ് പലതവണ ബൈക്ക് മോഷണം നടത്തിയിരുന്നു. നാലംഗ സംഘത്തോടൊപ്പം നടത്തിയ മോഷണമാണ് ബാലുവിനെ പൊലീസ് പിടിയിലാക്കിയത്. ഭർത്താവിന്റെ മരണത്തിനു ശേഷം മക്കളെ ഇട്ടെറിഞ്ഞ് മറ്റൊരാളോടൊപ്പം പോയ ഷാലി പിന്നീട് കൊന്നക്കുഴിയിലെ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയില്ല. ഈയിടെയാണ് അവർ ഉറമ്പൻകുന്നിലെ സൂരജ് എന്ന യുവാവിനൊപ്പം പോയതെന്നും പറയുന്നു. ബാലുവിനെ കളവു കേസിൽ അറസ്റ്റ് ചെയ്തതോടെ സഹോദരങ്ങളെ പൊലീസിന്റെ സംരക്ഷണയിൽ ബാലസൗഹൃദ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.