തൃശൂർ: നഗരത്തിലെ വെളളക്കെട്ട് സംബന്ധിച്ച് സർക്കാർ ആറാഴ്ച്ചക്കകം വിദഗ്ദ്ധ സമിതി രൂപീകരിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളക്കെട്ട് മനുഷ്യനിർമിതമാണെന്നും ഇതിന് കാരണമാകുന്നത് തൃശൂർ കോൾ മേഖലയിലെ അനധികൃത നിർമാണങ്ങളാണെന്നും അശാസ്ത്രീയമായ ബണ്ട്, പാലം, കെട്ട് എന്നിവയുടെ നിർമാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ കൗൺസിലർ എ. പ്രസാദ് ഹൈക്കോടതിയിൽ അഡ്വ. രഖേഷ് ശർമ്മ മുഖേന സമർപ്പിച്ച ഹർജിയിലാണ് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്.
മഴ മാറിയിട്ടും തൃശൂർ നഗരത്തിലെ അയ്യന്തോൾ, ഉദയാനഗർ, മൈത്രി പാർക്ക്, പ്രിയദർശിനി ഹൗസിംഗ് കോളനി, ചേറ്റുപുഴ, പുല്ലഴി , പെരിങ്ങാവ്, ചെമ്പുക്കാവ്, പൂങ്കുന്നം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ആഴ്ചകളോളം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന്റെ വിശദീകരണമാരാഞ്ഞിരുന്നു.
കോൾ പാടങ്ങളിലെ അനധികൃത നിർമാണങ്ങളും കാനകളും കനാലുകളും മണ്ണിട്ടു മൂടുന്നതും ജലമൊഴുകി പോകേണ്ട കനാലുകളിലെ കുളവാഴ ശല്യവും, ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനനുസരിച്ച് ഇടിയഞ്ചിറ, ഏനാമാവ് റഗുലേറ്ററ്റുകൾ പ്രവർത്തിപ്പിക്കാനാകാത്തതും ഉൾപ്പെടെയുള്ള കാരണങ്ങൾ വിശദീകരിച്ചു കൊണ്ടാണ് ഹർജി നൽകിയത്.