ഗുരുവായൂർ: ആൾദൈവങ്ങൾക്കും, അന്ധവിശ്വാസങ്ങൾക്കും എതിരെ ശക്തമായ പ്രമേയവുമായി അരങ്ങത്തെത്തിയ എരുമപ്പെട്ടി ഗവ. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് യു.പി വിഭാഗം നാടകത്തിൽ ഒന്നാം സ്ഥാനം. ഒരിടത്ത് ഒരിടത്ത് ഒരു മണിക്കുട്ടി ഉണ്ടായിരുന്നു എന്ന നാടകമാണ് അവതരണമികവും പ്രമേയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയത്.
മണിക്കുട്ടിയായി അഭിനയിച്ച ഷിഫ്‌ന ഷെറിൻ എന്ന കുട്ടിക്കാണ് മികച്ച നടിക്കുള്ള സമ്മാനം. 2017ലെ ജില്ലാ കലോത്സവത്തിലും, എരുമപ്പെട്ടി സ്‌കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു. വടക്കാഞ്ചേരി സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിനോദ് മുളങ്കുന്നത്തുകാവ് രചിച്ചതാണ് ഒരിടത്ത് ഒരിടത്ത് ഒരു മണികുട്ടി ഉണ്ടായിരുന്നു എന്ന നാടകം. കഴിഞ്ഞ 20 വർഷത്തിനിടെ 35 ഓളം നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
അനശ്വര, മാളവിക, പുണ്യ, തൃഷ്ണ, ശാന്തികൃഷ്ണ, അർച്ചന അക്ഷയ്, ജയ്ഫീൻ ഐശ്വര്യ എന്നിവരാണ് ഷിഫ്‌ന ഷെറീന് പുറമെ രംഗത്ത് എത്തിയത്. എട്ട് ടീമുകൾ ഉണ്ടായിരുന്നെങ്കിലും രണ്ടു ടീമുകൾ റിപ്പോർട്ട് ചെയ്തില്ല. പങ്കെടുത്ത ആറു ടീമുകളും മികച്ച നിലവാരം പുലർത്തിയെന്ന് വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു.