തൃശൂർ: കാഞ്ഞാണി- തൃശൂർ റോഡ് നവീകരണത്തിനുള്ള തടസ്സങ്ങൾ നീക്കി ഗതാഗതയോഗ്യമാക്കുമെന്ന് കളക്ടർ. കളക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. പടിഞ്ഞാറെക്കോട്ട മുതൽ വാടാനപ്പിള്ളി വരെയുള്ള 16 കിലോമീറ്റർ റോഡാണ് ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും അയ്യപ്പ ഭക്തരുടെ സഞ്ചാരത്തെ തടസ്സപെടുത്താതെയും ഗതാഗത സ്തംഭനം ഇല്ലാതെയും റോഡ് പണി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ എടുക്കുമെന്നും കളക്ടർ പറഞ്ഞു. ടാറിംഗിന് വഴി തിരിച്ചുവിടുന്നത് ആർ.ടി.ഒയെയും പൊലീസിനെയും അറിയിക്കും. റോഡ് പണി അവലോകനം ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും കൃഷി മന്ത്രിയെയും ഉൾപ്പെടുത്തി 23ന് ശേഷം വിപുലമായ യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.