നടപടിക്ക് ആധാരം കേരളകൗമുദി വാർത്ത
ചാലക്കുടി: കശാപ്പിനായി എത്തിക്കുന്ന കന്നുകാലികളെ കണ്ണിൽ പച്ചമുളക് തേച്ച് പീഡിപ്പിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശം. ചാലക്കുടിച്ചന്തയിലെ ഇത്തരം ക്രൂരതയെക്കുറിച്ച് ഒക്ടോബർ 9ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുന്ന ഉരുക്കൾ യാത്രക്കിടെ ലോറിയിൽ കിടക്കാതിരിക്കാനുള്ള സൂത്രവിദ്യയാണ് പച്ചമുളക് പ്രയോഗം. മുളകിന്റെ നീറ്റലിൽ കണ്ണീർ ധാരയായി ഒഴുക്കുന്ന സാധുമൃഗങ്ങൾ പിന്നീട് മണിക്കൂറുകളോളം നിന്നനിൽപ്പ് തുടരും. ഇത്തരം ക്രൂരതയ്ക്ക് ഇരയായ ഒരു കിടാരിയുടെ ചിത്രം സഹിതമായിരുന്നു വാർത്ത. ഇതേതുടർന്ന് തൃശൂർ കോർപറേഷൻ അംഗം മന്ത്രിക്ക് പരാതി നൽകി. ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ തുടർ നടപടികൾ. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണച്ചുമതല. തൃശൂർ വെറ്ററിനറി സർജൻ ഡോ. ഗിരിദാസാണ് അന്വേഷിക്കുക. യാത്രക്കിടെ കിടന്നു പോകുന്ന മൃഗങ്ങൾ മറ്റുള്ളവയുടെ ചവിട്ടേറ്റ് ചാവുകയോ ഗുരുതരമായ അവസ്ഥയിലെത്തുകയോ ചെയ്യുമെത്രെ. ഇതു തടയുന്ന തന്ത്രം തമിഴ്‌നാട്ടിൽ നിന്നും ലോഡ് കൊണ്ടുവരുന്നവരാണ് പയറ്റുന്നത്.