ചാലക്കുടി: സ്വന്തമായി പോളില്ലാത്തതിനെ തുടർന്ന് പോൾവാൾട്ട് മത്സരത്തിൽ നിരാശനായി മടങ്ങിയെത്തിയ നിബിന്റെ വെള്ളാഞ്ചിറയിലെ വീട്ടിൽ വേദനയുടെ നെടുവീർപ്പുകൾ. കണ്ണൂരിൽ നടന്ന സംസ്ഥാനകായിക മേളയിൽ നിന്നും ആച്ചാണ്ടി വീട്ടിൽ ഷാജുവിന്റെ മകൻ നിബിനാണ് നിരാശനായി തിരിച്ചെത്തിയത്. വിജയാശംസകൾ നൽകി കണ്ണൂരിലേക്ക് യാത്രയാക്കിയ വീട്ടുകാരും നാട്ടുകരും ആശ്വസിപ്പിച്ചിട്ടും ഈ താരത്തിന്റെ ദുഖത്തെ ശമിപ്പിക്കാനായില്ല. കഴിഞ്ഞ സംസ്ഥാന മേളയിൽ വെള്ളിമെഡൽ നേടിയ നിബിനാണ് ഇത്തവണ പോൾ വില്ലനായത്.
പാലയിൽ നടന്ന് സംസ്ഥാന മേളയിൽ പൊതുവായുള്ള പോളും മറ്റ് മത്സരാർത്ഥികളുടെ പോളും ഉപയോഗിച്ച് രണ്ടാം സ്ഥാനത്തിന് അർഹനായി. ആദ്യമായി ഫൈബർ പോൾ ഉപയോഗിച്ചതും പാലയിലെ മീറ്റിൽ വച്ച്. പൊതുവായുള്ള പോൾ മത്സരവേദിയിലുണ്ടാകുമെന്നുള്ള അധികൃതരുടെ ഉറപ്പ് വിശ്വസിച്ചായിരുന്നു ഇക്കുറി നിബിൻ കണ്ണൂരിലേക്ക് വണ്ടികയറിയത്. എന്നാൽ ഇതുസാധ്യമല്ലെന്ന് ബോധ്യമായതോടെ ആളൂർ ആർ.എം.എച്ച്.എസ്.എസ് സ്കൂളിലെ ഈ വദ്യാർത്ഥി മറ്റു മത്സരാർത്ഥികളോട് പോളിന് വേണ്ടി കെഞ്ചി. എല്ലാവരും മുഖം തിരിക്കുകയായിരുന്നു. തുടർന്ന് മത്സരിക്കാനാകാതെ മൈതാനത്തു നിന്നും മടങ്ങേണ്ടിവന്നുവെന്ന് പറയുമ്പോൾ നിബിന്റെ കണ്ണുനിറഞ്ഞു.
പോൾ ഉണ്ടാകില്ലെന്നറിഞ്ഞെങ്കിൽ വീട്ടിൽ നിന്ന് മുള പോൾ കൊണ്ടുപോകുമായിരുന്നു എന്ന് നിബിന്റെ അമ്മ ജെന്നി പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാനാകുമായിരുന്നെങ്കിൽ ഗ്രെയ്സ് മാർക്കും സർട്ടിഫിക്കറ്റും ലഭിച്ചേനെയെന്നും അവർ പറയുന്നു. കോട്ടാറ്റ് സെന്റ്.ആന്റണീസ് സ്കൂളിൽ പഠിക്കുന്ന കാലത്താണ് പോൾവാൾട്ടിൽ കമ്പം കയറിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉപജില്ലയിൽ ഒന്നാമനായി. എന്നാൽ പരിക്ക് മൂലം ജില്ലാ മത്സരത്തിൽ പങ്കെടുക്കാനായില്ല. തുടർന്നുള്ള ആളൂർ സ്കൂളിലെ പഠനത്തിനിടെയായിരുന്നു പാലായിലെ വിജയം. ഒരു ലക്ഷത്തോളം വിലവരുന്ന പോൾ സ്വന്തമാക്കാൻ സാധാരണ സ്കൂളുകൾക്കും ആകില്ല. അതുകൊണ്ടു തന്നെ ഈ ഇനത്തിൽ സാധാരണ സ്കൂളുകളിൽ പഠിക്കുന്ന താരങ്ങൾക്ക് മികവ് തെളിയിക്കാനും കഴിയില്ലെന്നതാണ് ദുഃഖസത്യം.