ഗുരുവായൂർ: ഉമ്മയുടെ ശിക്ഷണത്തിൽ മകൾക്ക് മോണോ ആക്ടിൽ ഒന്നാം സ്ഥാനം. തളിക്കുളം പുതിയങ്ങാടി മോഡൽ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹന ഫാത്തിമയാണ് യു.പി വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അതേ സ്കൂളിലെ എൽ.പി വിഭാഗത്തിലെ അദ്ധ്യാപികയായ ഉമ്മ റിൻസിയാണ് ഹനയ്ക്ക് മോണോ ആക്ട് പഠിപ്പിച്ചത്. മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ട വിഷയമായിരുന്നു ഹന അവതരിപ്പിച്ച് കൈയടി നേടിയത്. വലപ്പാട് ഉപജില്ലാ കലോത്സവത്തിനും ഇതേ വിഷയം തന്നെയായിരുന്നു അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ചില മാറ്റങ്ങൾകൂടി വരുത്തി പരിശീലനം നടത്തിയുരുന്നതായി ഹനയുടെ ഉമ്മ റിൻസി പറഞ്ഞു.