കയ്പ്പമംഗലം: ക്ഷേത്രം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പൊതു താൽപര്യ ഹർജി. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കയ്പ്പമംഗലം അയിരൂർ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിക്കെതിരെയാണ് ക്ഷേത്രത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ ആക്ഷേപം ഉന്നയിച്ച് കൊടുങ്ങല്ലൂർ മുൻസിഫ് കോടതിയിൽ അന്യായം ഫയൽ ചെയ്തത്. അഡ്വ.ബിജു കാനാട്ട് മുഖാന്തരം നാട്ടുകാരായ ഒരു വിഭാഗം വിശ്വാസികളാണ് പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
അന്യായത്തിൻ മേൽ കോടതി നിയമിച്ച കമ്മീഷൻ അഡ്വ.രാകേഷ് തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പരിശോധന നടത്തി. രണ്ടു കൊല്ലം മുമ്പ് നടത്തിയ അഷ്ടമംഗലം പ്രശ്‌ന വിധി പ്രകാരമുള്ള മാറ്റങ്ങൾ വരുത്താതെ ക്ഷേത്ര നവീകരണത്തിനായി ഭക്തരിൽ നിന്ന് കോടികൾ പിരിച്ചെടുത്ത് അനാവശ്യചെലവുകൾ വരുത്തി. ഇതിന്റെ വരവു ചെലവു കണക്കുകൾ ബോധ്യപെടുത്താതെയും ടെണ്ടർ നടപടികൾ ഒന്നും ചെയ്യാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് അന്യായത്തിൽ പറയുന്നത്. ഇപ്പോൾ ക്ഷേത്രത്തിന് വടക്കു നിന്നുള്ള പ്രവേശന ഭാഗത്ത് അനധികൃതമായി ക്ഷേത്രഗോപുരം നിർമ്മിക്കുന്നതിനായി നിലവിലുള്ള ഓഫീസ് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത് പൊതുജനങ്ങളുടെ പണം ധുർത്തടിക്കാനാണെന്നും അന്യായത്തിൽ പറയുന്നു. മുമ്പ് ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ ക്ഷേത്രഗോപുരം നിർമ്മിക്കാനുള്ള ക്ഷേത്രകമ്മിറ്റിയുടെ തീരുമാനത്തിന് കോടതിയിൽ നിന്ന് വിലക്ക് വന്നതിനെ തുടർന്ന് വടക്കെ നടയിൽ ക്ഷേത്രഗോപുരം നിർമ്മിക്കുന്ന പ്രവർത്തനം തുടങ്ങിയപ്പോഴാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്. ഇതിന്റെ ഭാഗമായി ഓഫീസ് കെട്ടിടത്തിന്റെ കുറച്ചു ഭാഗം പോളിക്കാൻ തുടങ്ങിയെന്നും ആക്ഷേപമുണ്ട്. അഷ്ടമംഗല പ്രശ്‌ന വിധിപ്രകാരം നിലവിലെ കൊടിമരം മാറ്റി പുതിയത് നിർമ്മിക്കണമെന്നും, ക്ഷേത്രമതിൽ കെട്ടിനകത്ത് നിർമ്മിച്ച സ്റ്റേജ് പൊളിച്ചുമാറ്റണമെന്നടക്കുമുള്ള മറ്റു വിധികൾ നടപ്പിലാക്കാതെ ക്ഷേത്ര പ്രതിഷ്ഠക്ക് അനിഷ്ടപരമായും ഭക്തരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായുമാണ് ക്ഷേത്രം ഭരണസമിതി പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപമുള്ളത്.