ഗുരുവായൂർ: കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പതാക പുതപ്പിച്ച്. മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്നതിന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു നേരത്തെ കോടതിയുടെ അനുമതി വാങ്ങിയിരുന്നു.

ഇതേത്തുടർന്ന് മൃതദേഹം സംസ്‌കരിക്കുന്ന വിവരം ഇന്നലെ തന്നെ ഗ്രോ വാസുവിനെ കോഴിക്കോട് റൂറൽ എസ്.പി മുഖേന പൊലീസ് അറിയിച്ചിരുന്നു. എന്നാൽ വാസുവിന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ എത്താനായില്ല. പകരം മനുഷ്യാവകാശ പ്രവർത്തകരായ എം.എൻ രാവുണ്ണി, അഡ്വ.പി. ഷൈന, സി.എ അജിതൻ എന്നിവരാണ് സംസ്‌കാരത്തിന് എത്തിയിരുന്നത്.

തൃശൂരിൽ നിന്നും മൃതദേഹം സംസ്‌കരിക്കാനായി ആംബുലൻസിൽ കയറ്റുന്നതിന് മുമ്പായി അന്ത്യോപചാരം അർപ്പിക്കുന്നതിന് പൊലീസ് അനുമതി നൽകിയതിനെ തുടർന്ന് എം.എൻ രാവുണ്ണി മൃതദേഹത്തിൽ കമ്മ്യൂണിസ്റ്റ് പതാക പുതപ്പിച്ചു. പോരാട്ടം പ്രവർത്തകർ റീത്തും സമർപ്പിച്ചിരുന്നു. തുടർന്നാണ് മൃതദേഹം ഗുരുവായൂരിലേയ്ക്ക് കൊണ്ടുവന്നത്.