പുതുക്കാട്: വിദ്യാർത്ഥികൾ ക്ലാസിൽ വരുന്നത് വൈകാതിരിക്കാൻ സൂത്രവുമായി ഇറങ്ങിയിരിക്കുകയാണ് പുതുക്കാട് സെന്റ് ആന്റണിസ് ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതർ. വൈകി ക്ലാസിലെത്തിയാൽ പത്തുരൂപ നൽകണം. പിഴയായല്ല, കാരുണ്യനിധിയിലേക്ക് ഒടുക്കണമെന്നാണ് നിയമം.

സ്‌കൂളിൽ ക്ലാസ് ആരംഭിക്കാനുള്ള അവസാന ബെൽ മുഴങ്ങുന്നതിന് മുമ്പ് ഓഫീസിൽ പണപ്പിരിവിനായി ഒരു പ്യൂൺ തയ്യാറായിരിക്കും. കാരുണ്യനിധി ശേഖരിക്കാനുള്ള ബോക്‌സിൽ പത്തു രൂപ നിക്ഷേപിച്ചാൽ വിദ്യാർത്ഥിക്ക് ഒരു സ്‌ലിപ് നൽകും. ഇത് ക്ലാസ് ടീച്ചറെ കാണിച്ചാൽ ക്ലാസിൽ കയറാം. വേണമെങ്കിൽ എല്ലാ ദിവസവും വൈകാം, വൈകുന്നതിന്റെ കാരണം ആരെയും ബോധിപ്പിക്കേണ്ട.

ബസ് ചാർജ് പോലും നൽകാൻ കഴിവില്ലാത്ത പാവപ്പെട്ട വീട്ടിലെ വിദ്യാർത്ഥിയായാലും വൈകിയാൽ പത്ത് രൂപ നൽകണം. ചില വിരുതന്മാർ നേരം വൈകാൻ കിട്ടുന്ന അവസരം മുതലെടുക്കുന്നുമുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് അനാവശ്യ പണപ്പിരിവ് പാടില്ലന്ന നിയമവും ഉത്തരവും നിലനിൽക്കെയാണ് ഈ വിചിത്ര പണപ്പിരിവ്.

പിഴപ്പിരില്ല, നേരം വൈകി വരാനുള്ള വിദ്യാർത്ഥികളുടെ പ്രവണത തടയാനാണ് പുതിയ മുറയെന്നാണ് പ്രിൻസിപ്പലിന്റെ പ്രതികരണം. സ്കൂളിലേക്ക് വൈകുന്ന വിദ്യാർത്ഥികളുടെ പ്രവണത നിരുത്സാഹപ്പെടുത്താൻ രക്ഷിതാക്കൾ വേണ്ടത്ര ശുഷ്‌കാന്തി കാട്ടുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. പിരിച്ചെടുക്കുന്ന പണം കാരുണ്യം അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന രീതിയിൽ ചെലവഴിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.