ചാലക്കുടി : ശ്രീ നാരായണ ഗുരുവിന്റെ അവസാന സന്യാസി ശിഷ്യനായ സ്വാമി ആനന്ദ തീർത്ഥർ ഗുരുദർശനത്തിന്റെ മൂർത്തരൂപമായിരുന്നുവെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സ്വാമി ആനന്ദ തീർത്ഥയുടെ 32-ാമത് സമാധി ദിനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്ന സ്വാമി.
ഹരിജന സേവനവയുഗ ധർമ്മം എന്ന മന്ത്രവുമായി മലബാർ, കർണ്ണാടക, മദ്രാസ് സംസ്ഥാനങ്ങളിലായി അധഃസ്ഥിത സമുദായ പുരോഗതിക്കായി പ്രവർത്തിച്ച ആനന്ദ തീർത്ഥർ, അംബേദ്കർ, അയ്യൻകാളി എന്നിവർക്കും ഉപരിയായി പ്രവർത്തിച്ച മഹാത്മാവാണ്. ബ്രാഹ്മണകുലത്തിൽ ജനിച്ച് ഫസ്റ്റ് റാങ്കോടെ എം.എ പാസായ ആനന്ദ ഷേണായി ശ്രീ നാരായണ ഗുരു ജാതി വ്യത്യാസം ഇല്ലാതാക്കാൻ വന്ന അവതാര പുരുഷനാണ് എന്നു പ്രഖ്യാപിച്ച് ഗുരുവിന്റെ അവസാന സന്യാസി ശിഷ്യനായി.
ഒരു ഘട്ടത്തിൽ മഹാകവി ടാഗോറിന്റെ ശിഷ്യനും തിരുകൊച്ചി മന്ത്രിയുമായിരുന്ന ജി. രാമചന്ദ്രൻ നോബൽ സമ്മാന കമ്മിറ്റിക്ക് ശുപാർശ ചെയ്ത് കത്തെഴുതുക വരെയുണ്ടായി. ശിവഗിരി മഠം ധർമ്മസംഘം ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റായ ഈ ശ്രീ നാരായണ ശിഷ്യന്റെ ജീവിത ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ തലമുറയെ പഠിപ്പിക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. യോഗം കഥികൻ തെക്കുംഭാഗം വിശ്വംഭരൻ കൊല്ലം ഉദ്ഘാടനം ചെയ്തു. ജി.ഡി.പി.എസ് കേന്ദ്രസമിതിയംഗം ശിശുപാലൻ ശാന്തികൾ അദ്ധ്യക്ഷത വഹിച്ചു. ഇന്ദ്രസേനൻ , വി.ഡി ജയപാൽ, എ.കെ ജയരാജ്, നരേന്ദ്രൻ നെല്ലായി തുടങ്ങിയവർ സംസാരിച്ചു.