കൊടുങ്ങല്ലൂർ: എടവിലങ്ങ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് ആശ്വാസമേകാൻ ലക്ഷ്യമിട്ട് സൗജന്യ ഭക്ഷണ വിതരണത്തിന് തുടക്കമായി. ജീവിത ശൈലീ രോഗ നിർണ്ണയത്തിനായി നിശ്ചയിച്ചിട്ടുള്ള വ്യാഴാഴ്ചകൾ തോറും സൗജന്യ ഭക്ഷണം ഉറപ്പാക്കുകയെന്നതാണ് പദ്ധതി. ഇതിന്റെ ഉദ്ഘാടനം നടന്നു. മെഡിക്കൽ ഓഫീസർ ഡോ. പാർവതിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശ് ഉദ്ഘാടനം നിർവഹിച്ചു. എച്ച്.ഐ. ബിന്ദു കല, ജെ.എച്ച്.ഐ ലാൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
തീരദേശത്തെ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളും സാധാരണക്കാരും ഏറെ ആശ്രയിക്കുന്ന ഇവിടെ മെഡിക്കൽ ഓഫീസറും മറ്റും ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഉദ്ഘാടന ദിനത്തിലെ ഭക്ഷണം സ്പോൺസർ ചെയ്തത് മേഖലയിലെ പാചക വിദഗ്ദ്ധരിലെ വനിതാ സാന്നിദ്ധ്യം തങ്ക ചന്ദ്രൻ നടുമുറിയാണ്. നൂറിലേറെ പേർ ഇന്നലെ ഇവിടെ നിന്നും ഭക്ഷണം കഴിച്ചു. മാസത്തിലൊരു വ്യാഴാഴ്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെല്ലാം ചേർന്ന് ഭക്ഷണം ഉറപ്പാക്കും.