കൊടുങ്ങല്ലൂർ: നഗരസഭയും കേന്ദ്ര ഗവണ്മെന്റിന്റെ വാർത്താ -വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് പബ്ളിസിറ്റി വിഭാഗവും സംയുക്തമായി വിവിധ വകുപ്പുകളുടെ പ്രദർശനവും വകുപ്പുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകളും നടത്തി. ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചും കേരള സന്ദർശനത്തെക്കുറിച്ച് കൂടി പ്രതിപാദിക്കുന്ന പ്രദർശനത്തോട് അനുബന്ധിച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഡോ. പ്രതീഷിന്റെ ക്ലാസ് നടന്നു. നഗരസഭാ ടൗൺഹാളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശോഭ ജോഷിയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം നിർവഹിച്ചു. പി.എൻ. രാമദാസ്, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, ആകാശവാണി തൃശൂർ നിലയം ഡയറക്ടർ ടി.ടി. പ്രഭാകരൻ, അസി.ഡയറക്ടർ ജോർജ് മാത്യു, എക്സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ, ശ്രീദേവി തിലകൻ, മല്ലിക എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കലാമണ്ഡലം ബി.വി. ഈശ്വരനുണ്ണി ചാക്യാർകൂത്ത് അവതരിപ്പിച്ചു. ഹരിത കേരളമിഷൻ, കുടുംബശ്രീ, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബി.എസ്.എൻ.എൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ റിഹാബിലിറ്റേഷൻ എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. പ്രദർശനം നവം:23ന് സമാപിക്കും.