ഗുരുവായൂർ: റവന്യൂ ജില്ലാ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ കലോത്സവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം. ബുധനാഴ്ച ചില മത്സരങ്ങളിൽ വിധി നിർണയം സംബന്ധിച്ച ആക്ഷേപത്തിലെ പരിശോധനയിൽ വിധികർത്താക്കളുടെയും, പരിശീലകരുടെയും ഇടപെടലുണ്ടായിട്ടുണ്ടെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം.

ആക്ഷേപത്തിൽ കഴമ്പുണ്ട് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. അറബന മുട്ട് മത്സരത്തിൽ താളവും ചുവടും പിഴച്ച ടീമിന് ഒന്നാം സ്ഥാനം നൽകിയത് സംബന്ധിച്ച തർക്കമാണ് ഇന്നലെ വിദ്യാർത്ഥികളുടെ ഏറ്റുമുട്ടലിന് ഇടയാക്കിയത്. സമാനമായി വിവിധ മത്സരങ്ങളിലും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈസ്‌കൂൾ വിഭാഗത്തിൽ മോണോ ആക്ടിൽ മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയ മത്സരാർത്ഥി ഉപജില്ലയിൽ മൂന്നാം സ്ഥാനത്തായിരുന്നു. ലോകാ യുക്തയിൽ നൽകിയ അപ്പീലിലാണ് കുട്ടിക്ക് മത്സരിക്കാൻ അവസരം ലഭിച്ചത്. വിധികർത്താക്കളുടെ യോഗ്യത സംബന്ധിച്ച ആക്ഷേപവും ഇതിനിടയിൽ ഉയർന്നിട്ടുണ്ട്. ഇന്നലെ മുതൽ നടന്ന മത്സരങ്ങളിൽ മൂന്ന് വിധികർത്താക്കളും, നാല് പരിശീലകരും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് എന്നാണ് അറിവ്.