കൊടുങ്ങല്ലൂർ: യുനെസ്‌കോയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോക പൈതൃക വാരത്തോട് അനുബന്ധിച്ച് മുസിരിസ് പദ്ധതി പ്രദേശത്ത് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. മുസിരിസ് പൈതൃക വാരാഘോഷങ്ങളുടെ ഭാഗവുമായാണ് സൈക്കിൾ റാലി നടത്തുന്നത്. 23ന് രാവിലെ 8ന് കോട്ടപ്പുറം മുസിരിസ് ലേക്‌ഷോറിൽ നിന്നും വിവിധ സൈക്ലിംഗ് സംഘടനകളുടെ സഹകരണത്തോടെയാണ് റാലി ആരംഭിക്കുക. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. നൂറിലധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കുന്ന യാത്ര തീരദേശ മേഖല വഴി ഫോർട്ട് കൊച്ചി, അർത്തുങ്കൽ എന്നീ പ്രദേശങ്ങളിലൂടെ ആലപ്പുഴ ബീച്ചിൽ എത്തും. ധനമന്ത്രി തോമസ് ഐസക്, അഡ്വ എം.എം. ആരിഫ് എം.പി എന്നിവർ താരങ്ങളെ സ്വീകരിക്കും. 24ന് രാവിലെ 8ന് ആലപ്പുഴയിൽ നിന്ന് തിരിക്കുന്ന റാലി വൈകീട്ട് കോട്ടപ്പുറത്ത് അവസാനിക്കും. ഈ മാസം 25 വരെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.