ചേലക്കര: ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിൽ കൂടുതൽ ചികിത്സാ സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനം. യു.ആർ. പ്രദീപ് എം.എൽ.എയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടന്ന യോഗത്തിൽ ആരോഗ്യ വകുപ്പിലെ ഡോക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ചേലക്കര താലൂക്ക് ആശുപത്രി, സി.എച്ച്.സി പഴയന്നൂർ, സി.എച്ച്.സി തിരുവില്വാമല എന്നിവിടങ്ങളിൽ എൻ.ആർ.എച്ച്.എം മുഖേന കൂടുതൽ ജീവനക്കാരെ നിയമിച്ച് കിടത്തിച്ചികിത്സാ സൗകര്യം കൂടുതൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ചേലക്കര താലൂക്ക് ആശുപത്രിയിൽ 3.5 കോടി രൂപയുടെ കെട്ടിടം പണിയുന്നതിന് ഭരണാനുമതി ലഭിച്ച ബി.എസ്.എൻ.എൽ ഇനിയും ഈ പ്രവൃത്തി ആരംഭിക്കാത്തതുകൊണ്ട് പി.ഡബ്ലു.ഡി കെട്ടിട വിഭാഗത്തിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
ചേലക്കര താലൂക്ക് ആശുപത്രി, സി.എച്ച്.സി പഴയന്നൂർ, സി.എച്ച്.സി തിരുവില്വാമല എന്നിവിടങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് കിടത്തിച്ചികിത്സാ സൗകര്യം ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യു.ആർ. പ്രദീപ് എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.