എരുമപ്പെട്ടി: കടങ്ങോട് കറുതക്കോട് ശിവക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കമ്പിപ്പാരയും കത്തിയും ഉപയോഗിച്ച് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നും വാതിലുകളും അലമാരയും തല്ലിത്തകർത്തുമാണ് മോഷണം നടത്തിയിട്ടുള്ളത്. ഇന്നലെ പുലർച്ചെ തൊഴാൻ വന്ന ഭക്തനാണ് പൂട്ട് തകർത്ത ഭണ്ഡാരം ആദ്യം കണ്ടത്. തുടർന്ന് എരുമപ്പെട്ടി പൊലീസിൽ വിവരം അറിയിച്ചു. 4 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മുഴുവൻ പണവും കവർന്നിട്ടുണ്ട്. മേശയിൽ സൂക്ഷിച്ചിരുന്ന 4000 ത്തോളം രൂപയും എടുത്ത് ക്ഷേത്ര വാതിലുകളുടെ പൂട്ടുകളും തല്ലിത്തകർത്തിട്ടുണ്ട്. മോഷണത്തിനായി ഉപയോഗിച്ച കമ്പിപ്പാരയും കത്തിയും ക്ഷേത്ര മതിൽക്കെട്ടിനകത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏകദേശം 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.