ചാലക്കുടി: അപകടത്തിൽ പരിക്കേറ്റ് അഞ്ചു മാസത്തിലധികം ചാലക്കുടിയിലെ ആശുപത്രിയിലായിരുന്ന 19 കാരനെ ഹൈക്കോടതി നിർദ്ദേശപ്രകാരം തുടർ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിക്കുളങ്ങര കൊടുങ്ങയിലെ കാഞ്ഞിരത്തിങ്കൽ ആന്റു ഷൈജി ദമ്പതികളുടെ മകൻ ആൻസനെയാണ് പൊലീസ് അകമ്പടിയിൽ വെള്ളിയാഴ്ച ഉച്ചയോടെ സെന്റ് ജെയിംസ് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 18 ലക്ഷം രൂപ ചെലവായിട്ടും മകൻ ചലനശേഷി പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് പിതാവ് ആന്റു നീതിക്കായി ഹൈക്കോടതിയെ സമീപിച്ചത്. ചികിത്സയിൽ ദുരൂഹതയുണ്ടെന്നും വീട്ടുകാർ ആരോപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, ആൻസന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഔദ്യോഗികമായി വിവരം ശേഖരിക്കാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധർ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തി ആൻസനെ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് കുഴപ്പമില്ലെന്ന റിപ്പോർട്ടാണ് സംഘം നൽകിയത്. ആധുനിക സംവിധാനമുള്ള ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോയത്. ആൻസനെ പൂർണ ആരോഗ്യവാനായി തിരിച്ചു കിട്ടുമെന്ന ഡോക്ടർമാരുടെ ഉറപ്പിന്മേലായിരുന്നു മാസങ്ങളോളം മകനെ ഇവിടെ കിടത്തിയതെന്ന് അമ്മ ഷൈജി പറയുന്നു.

വീട്ടുകാരുടെ ആരോപണങ്ങൾ ഇവ

ഇതിനകം മൂന്നു ശസ്ത്രക്രിയകൾക്ക് ആൻസനെ വിധേയനാക്കി.

മൂന്നാമത്തെ ശസ്ത്രക്രിയയ്ക്കായി തലയോട്ടിയുടെ ഒരു ഭാഗം പുറത്തെടുത്തെങ്കിലും പിന്നീടത് തിരികെ വച്ചില്ല

എടുത്ത തലയോട്ടി സൂക്ഷിക്കുന്നതിന് അടിവയർ കീറിയെങ്കിലും പ്രസ്തുത ശ്രമം വിജയിച്ചില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

തകർന്ന തലയോട്ടിയാണോ എന്ന് മനസിലാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്ന വെളിപ്പെടുത്തലുണ്ടായി

................

പണത്തിനായുള്ള സ്വകാര്യ ആശുപത്രിയുടെ കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിയിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് സംഭവിച്ചത്. 1.16 ലക്ഷം രൂപ വന്ന ഒരു ബില്ലിനെ കുറിച്ച് വിശദാംശങ്ങൾ തിരക്കിയപ്പോൾ തുക വെറും പതിനാറായിരമായി കുറഞ്ഞു. സ്ഥിരമായി ന്യൂറോ സർജനില്ലാത്ത ഈ ആശുപത്രിയിൽ ആൻസനെ ഇത്രയും നാൾ കിടത്തിയത് അനാവശ്യമായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നെത്തിയ ഡോക്ടർമാരുടെ അഭിപ്രായം..

പി. ആർ സജീവ് കുമാർ

അപകട സ്ഥലത്ത് നിന്നും ആൻസനെ ആശുപത്രിയിൽ എത്തിക്കുകയും

കുടുംബത്തിന് സഹായം നൽകുകയും ചെയ്ത ആൾ

പ്രതിഷേധം വ്യാപകം


സ്വകാര്യ ആശുപത്രിയുടെ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ വെള്ളിക്കുളങ്ങരയിൽ പ്രതിഷേധം വ്യാപകം. കഴിഞ്ഞ ജൂൺ 11 ന് കോടശേരി പഞ്ചായത്തിലെ താഴൂരിൽ വച്ചാണ് കാലടി കോളേജിൽ പഠിക്കുന്ന ആൻസന്റെ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. തലയിൽ മാരകമായി ക്ഷതമേറ്റു. പെയിന്റിംഗ് തൊഴിലാളിയായ ആന്റുവിന്റെ കുടുംബത്തെ രക്ഷിക്കാൻ കൊടുങ്ങയിൽ രൂപീകരിച്ച കൈത്താങ്ങ് ചികിത്സാ സഹായ നിധി ഇതിനകം നാട്ടുകാരിൽ നിന്നും ശേഖരിച്ചത് ലക്ഷക്കണക്കിന് രൂപയാണ്. പാട്ടുപാടിയും തെരുവ് നാടകം നടത്തിയും സ്വരൂപിച്ച പണമത്രയും ആശുപത്രിക്കാരുടെ അനാസ്ഥയിൽ പാഴായി പോയെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആശുപത്രി അധികൃതരുടെ ഉറപ്പിലാണ് ഇക്കാലമത്രയും തങ്ങൾ മകനെ ഇവിടെ കിടത്തിയതെന്ന് ആൻസന്റെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നു.