തൃശൂർ: കാൻസർ ബാധിതർ കൂടിവരുന്ന സാഹചര്യത്തിൽ രോഗനിർണ്ണയവും ബോധവത്കരണവുമായി സത്യസായി സേവാ സമിതികൾ ഡോക്ടർമാരുടെ സഹകരണത്തോടെ കേരളത്തിലെ ഗ്രാമങ്ങളിലെത്തും. സംസ്ഥാനത്തെ 196 സായി സമിതികളും ഏതാണ്ട് അത്ര തന്നെ ഭജന മണ്ഡലികളും ചേർന്നാണ് കാൻസർ വിമുക്ത കേരളത്തിന് മുന്നിട്ടിറങ്ങുന്നത്. നിലവിൽ ജില്ലാ ആസ്ഥാനങ്ങളിലുള്ള സമിതികളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനയും മരുന്ന് വിതരണവും നടത്തുന്നുണ്ട്.
ഞായറാഴ്ചകളിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, ഒഫ്താൽമോളജി, ഓർത്തോ, ന്യൂറോളജി വിദഗ്ദ്ധർ പരിശോധിക്കുന്നുണ്ട്. മാസം ശരാശരി 35,000 രൂപയുടെ മരുന്ന് നൽകുന്നുണ്ട്. ഈ കേന്ദ്രീകൃത സംവിധാനം വിപുലപ്പെടുത്തിയാകും കാൻസർ പ്രതിരോധപ്രവർത്തനങ്ങൾ. ഡോ. ആനന്ദമോഹന്റെ നേതൃത്വത്തിലുള്ള സത്യസായി പ്രൈമറി ഹെൽത്ത് സെന്ററിൽ 80,000 രോഗികളാണ് ചികിത്സ തേടിയത്. 7,000 രൂപയോളം ചെലവുള്ള ഇരുന്നൂറോളം തിമിര ശസ്ത്രക്രിയകളും നടത്തി. ഈ സെൻ്റർ വിപുലീകരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലി ലഭിക്കാനുളള എജ്യുക്കേഷൻ പദ്ധതികളുമുണ്ട്.
''പൂർണ്ണമായും സൗജന്യഹൃദയശസ്ത്രക്രിയ അടക്കം ചെയ്യുന്ന ആശുപത്രികളാണ് പുട്ടപർത്തിയിലെയും ബംഗ്ളുരുവിലെയും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ. പുട്ടപർത്തിയിൽ ഹൃദയശസ്ത്രക്രിയ നടത്തിയവർക്ക് മരുന്നും വിദഗ്ദ്ധോപദേശവും ലഭ്യമാക്കുന്നുണ്ട്.''
- സി.വി വേണുഗോപാലൻ , സായി എജ്യുക്കേഷൻ വിഭാഗം, സ്റ്റേറ്റ് ഇൻ ചാർജ്.
സത്യസായിബാബ:
* 1926 നവംബർ 23 ന് പെദ്ദവെങ്കപ്പ രാജുവിന്റെയും ഈശ്വരാംബയുടെയും പുത്രനായി പുട്ടപർത്തിയിൽ ജനനം
* സത്യനാരായണൻ (യഥാർത്ഥ പേര്) കുട്ടിക്കാലത്തേ അദ്ഭുത പ്രവൃത്തികൾ കാട്ടി പ്രശസ്തനായി
* 25ാം വയസിൽ പ്രശാന്തിനിലയവും 1981ൽ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈയർ ലേണിംഗ് കൽപ്പിത സർവകലാശാലയും തുടങ്ങി
* സമാധി 84ാം വയസിൽ 2011 ഏപ്രിൽ 24ന്
................
* സത്യസായി യൂണിറ്റുകൾ: ഇന്ത്യയിൽ: 3000, മറ്റ് 127 രാജ്യങ്ങളിൽ: 1000
* സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ വിസ്തീർണ്ണം: 1.25ലക്ഷത്തിലേറെ ചതുരശ്രഅടി,
* 1991ൽ തുടങ്ങിയ ആശുപത്രിയിൽ ചികിത്സ തേടിയത് 9,71,485,
*ചികിത്സാവിഭാഗങ്ങൾ:കാർഡിയോളജി, കാർഡിയോ തെറാപിക് ആൻഡ് വാസ്‌കുലർ സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്‌സ്, ഗ്യാസ്‌ട്രോ എൻട്രോളജി
* 300 കോടിയുടെ ശുദ്ധജലപദ്ധതി 800 ഗ്രാമങ്ങളിൽ, 2500 കിലോമീറ്ററിൽ പൈപ്പുകൾ, 18 വൻ റിസർവോയറുകൾ
* 312 ഗ്രാമങ്ങളിലെ മൂന്നുലക്ഷം ഗോത്രവർഗ്ഗ ഗ്രാമീണർക്ക് വെളളം.
* ചെന്നൈയിൽ 200 കോടിയുടെ സായിഗംഗവഴി കുടിവെള്ളം ഒരു കോടി ജനങ്ങൾക്ക്