ഗുരുവായൂർ: ഗുരുപവനപുരിയെ കർണാടക സംഗീതത്തിന്റെ മാസ്മരികതയിലാഴ്ത്തുന്ന പ്രശസ്തമായ ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും. സംഗീതമണ്ഡപമായ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 9ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ഡോ. ഉമയാൾപുരം കെ. ശിവരാമന് മന്ത്രി സമ്മാനിക്കും. ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അദ്ധ്യക്ഷനാകും. സംഗീതോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർത്ഥം അദ്ദേഹം ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈ സംഗീതമണ്ഡപത്തിൽ പ്രതിഷ്ഠിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടക്കുന്ന സംഗീതസദസിൽ ടി.എസ്. പട്ടാഭിരാമ പണ്ഡിറ്റ് കച്ചേരി അവതരിപ്പിക്കും. ചാരുത രാമാനുജം (വയലിൻ), എച്ച്.എസ്. സുധീന്ദ്ര (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ പക്കമേളമൊരുക്കും. വൈകീട്ട് 6.30ന് നടക്കുന്ന സംഗീതസദസിൽ സന്ദീപ് നാരായണൻ ചെന്നൈ കച്ചേരി അവതരിപ്പിക്കും. ബി. അനന്തകൃഷ്ണൻ (വയലിൻ), ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാര ജേതാവ് ഡോ. ഉമയാൾപുരം കെ. ശിവരാമൻ (മൃദംഗം), വാഴപ്പള്ളി ആർ. കൃഷ്ണകുമാർ (ഘടം) എന്നിവർ പക്കമേളമൊരുക്കും. നാളെ രാവിലെ ക്ഷേത്രത്തിൽ ശീവേലിക്ക് ശേഷം ക്ഷേത്രം തന്തി ശ്രീലകത്തു നിന്നും തെളിച്ചു കൊണ്ടുവരുന്ന ദീപമുപയോഗിച്ച് സംഗീതമണ്ഡപത്തിലെ ഭദ്രദീപം തെളിക്കുന്നതോടെ സംഗീതാർച്ചനകൾക്ക് ആരംഭമാകും. മൂവായിരത്തോളം പേരാണ് പതിനഞ്ച് ദിനരാത്രങ്ങളിലായി ക്ഷേത്ര നഗരിയിൽ അരങ്ങേറുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കുക. ദിവസവും രാവിലെ അഞ്ച് മുതൽ രാത്രി 11 വരെയാണ് സംഗീതോത്സവം. വൈകീട്ട് ആറ് മുതൽ ഒമ്പത് വരെ ഓരോ മണിക്കൂർ വീതം മൂന്നു പേർ സ്‌പെഷ്യൽ കച്ചേരികൾ അവതരിപ്പിക്കും. രണ്ട് വായ്പാട്ടും ഒരു ഉപകരണസംഗീതവും എന്ന ക്രമത്തിലായിരിക്കും സ്‌പെഷ്യൽ കച്ചേരികൾ. ആകാശവാണിയുടെ തത്സമയ സംപ്രേഷണം ഡിസംബർ 4ന് തുടങ്ങും. 7ന് രാവിലെ ഒമ്പത് മുതൽ പത്തുവരെ നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന സംഗീതോത്സവത്തിലെ പഞ്ചരത്‌ന കീർത്തനാലാപനം നടക്കും. ഏകാദശി ദിവസമായ ഡിസംബർ 8 ന് രാത്രി സംഗീതജ്ഞർ ഒന്നിച്ചിരുന്ന് സംഗീതാലാപനം നടത്തുന്നതോടെയാണ് സംഗീതോത്സവത്തിന് സമാപനമാകുക.