പാവറട്ടി: 'ഞാൻ പ്രവാസിയുടെ മകൻ' എന്ന ആദ്യ കഥയിലൂടെ മലയാള ചെറുകഥാ സാഹിത്യ രംഗത്ത് ശ്രദ്ധേയനായ സൈനുദ്ദീൻ ഖുറൈശിയെ ആദരിക്കാൻ വിദ്യാർത്ഥികൾ എത്തി. വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി തിരുനെല്ലൂർ എ.എം.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും യുവ സാഹിത്യകാരൻ സൈനുദ്ദീൻ ഖുറൈശിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.
മാനേജ്‌മെന്റ് പ്രതിനിധി അബു കാട്ടിൽ, ഉമ്മർ കാട്ടിൽ, വാർഡ് അംഗം ഷെരീഫ് ചിറയ്ക്കൽ, പി.ടി.എ പ്രസിഡന്റ് അൻഷാദ്, പൂർവ വിദ്യാർത്ഥി നാസർ തുടങ്ങിയവരും അദ്ധ്യാപകരും കുട്ടികൾക്ക് കൂട്ടായി ഉണ്ടായിരുന്നു. കുരുന്നുകളുടെ വൈവിദ്ധ്യമാർന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയും വായനയുടെ പ്രാധാന്യത്തെ പറ്റി അവരെ ബോധവത്കരിക്കാനും ഈ പരിപാടിയിലൂടെ സാധിച്ചു.

തന്റെ ഗ്രന്ഥശേഖരത്തിൽ നിന്ന് 'ഖുറൈശി പുരാണം' എന്ന സ്വന്തം പുസ്തകം ഉൾപ്പെടെ സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.