തൃശൂർ: ഇടത് സർക്കാർ നയങ്ങൾ കാർഷിക സർവകലാശാലയെ തകർക്കുകയാണെന്ന് മുൻ വൈസ് ചാൻസലർ ഡോ. പത്തിയൂർ ഗോപിനാഥ്. 2001 മുതൽ 2015 വരെ വിജയകരമായി നടപ്പാക്കിയ അബാർഡ് പദ്ധതി നിറുത്തലാക്കാനുള്ള തീരുമാനം തെറ്റാണ്. 4000 ഏക്കറോളം വരുന്ന കാമ്പസുകളിൽ 22 ബയോടെക്‌നോളജി യൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. 300 വനിതകൾ യാതൊരു നഷ്ടവും വരുത്താതെ അവ കാര്യക്ഷമമായി പ്രവർത്തിപ്പിച്ചിരുന്നു. 2016ൽ അധികാരമേറ്റ കൃഷിമന്ത്രി അതെല്ലാം അവസാനിപ്പിച്ചു. ശക്തൻ നഗറിലെ അബാർഡ് സെന്റർ അടച്ചുപൂട്ടാൻ എല്ലാ കുതന്ത്രവും പയറ്റുകയാണ്. സർവകലാശാലയിലെ അക്കാഡമിക്, ഗവേഷണ പ്രവർത്തനങ്ങളും പാടെ നിലച്ചിരിക്കുകയാണെന്ന് പത്തിയൂർ പറഞ്ഞു. അബാർഡ് പദ്ധതി അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും കാർഷിക സർവകലാശാല സംരക്ഷണ സമിതിയുടെ പേരിൽ അതിനായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ഡോ. ഗോപിനാഥ് പറഞ്ഞു. നേതാക്കളായ അഡ്വ. ബി. ഗോപാലകൃഷ്ണൻ, എ. നാഗേഷ് എന്നിവരും പങ്കെടുത്തു.