ഗുരുവായൂർ: റവന്യൂ ജില്ലാ കലോത്സവത്തിലെ വിധികർത്താക്കളെ ചൊല്ലി വ്യാപക പരാതി. നാല് ദിവസമായി അരങ്ങേറിയ കലോത്സവത്തിൽ തുടക്കം മുതൽ തന്നെ വിധികർത്താക്കളെ കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. എന്നാൽ പരാതികൾ വ്യാപകമായിട്ടും അതേ കുറിച്ച് അന്വേഷണം നടത്താൻ തയ്യാറാകാതെ സംഘാടക സമിതി അപ്പീൽ കൊടുക്കാൻ നിർദേശിക്കുകയായിരുന്നു.
1. നാടോടി നൃത്തം
വിധി നിർണ്ണയത്തിൽ അപാകതയുള്ളതായി കാട്ടി ഹൈസ്‌കൂൾ വിഭാഗത്തിൽ മത്സരിച്ച നാല് വിദ്യാർത്ഥിനികൾ സ്‌റ്റേജിന്റെ മുന്നിൽ കുത്തിയിരിപ്പ് നടത്തി. ഇവരുടെ പ്രതിഷേധം മൂലം മത്സരം തുടരാൻ സാധിക്കാതെ മണിക്കൂറിലധികം മത്സരം തടസപ്പെട്ടു.
2. അറബന മുട്ട്
വിധിയെ ചൊല്ലി ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് വിദ്യാർത്ഥികളെ വേദിയിൽ നിന്നും പറഞ്ഞയച്ചത്.
3. നാടകം
ഹയർസെക്കൻഡറി നാടകവേദിയിൽ നാടകം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിധികർത്താക്കളെ കുറിച്ച് പരാതി ഉയർന്നു.വർഷങ്ങൾക്ക് മുമ്പ് നാടകം ചെയ്തിരുന്നു എന്നതൊഴിച്ചാൽ സമകാലീന കാലഘട്ടത്തിലെ നാടകത്തെകുറിച്ച് അറിയാത്തവരാണ് വിധി നിർണ്ണയത്തിനെത്തിയത് എന്ന പരാതി രേഖാമൂലം നൽകുകയും ചെയ്തു. കാലികപ്രസക്തി ഇല്ലാത്ത വിഷയങ്ങൾക്കായിരുന്നു മുൻതൂക്കം കൊടുത്തത് എന്നായിരുന്നു ആക്ഷേപം. വേദിയിലെ ശബ്ദക്രമീകരണവും താറുമാറായി.
4. ബാൻഡ് വാദ്യം
വിധികർത്താക്കളെ നിയമിക്കുന്നതിന്റെ മാനദണ്ഡം പാലിച്ചില്ലെന്നും പരാതി ഉണ്ടായിരുന്നു. ബാൻഡ് വാദ്യത്തിന് വിധികർത്താവായി എത്തിയവരിൽ ഒരാൾ തൃശൂർ ജില്ലക്കാരനായിരുന്നു. ജില്ലയ്ക്ക് പുറത്തു നിന്നു വേണം വിധികർത്താവിനെ നിയമിക്കാൻ എന്ന നിയമം കാറ്റിൽ പറത്തിയായിരുന്നു ഇങ്ങനെ ചെയ്തത്.
5. പരിചമുട്ട്
പരിചമുട്ടുകളിയുടെ വിധികർത്താവായി എത്തിയവരിൽ ഒരാൾ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മത്സരത്തിനുള്ള ഒരു ടീമിന്റെ പരിശീലകന്റെ സുഹൃത്താണെന്ന് കാട്ടി ഒരു സംഘം മത്സരാർത്ഥികൾ രംഗത്തെത്തി. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ മറ്റത്തൂരിന്റെ പരിശീലകൻ അനന്തു കോടാലിയുടെ സുഹൃത്താണ് വിധികർത്താവായി എത്തിയ കൊല്ലം സ്വദേശി സാനു എന്നായിരുന്നു ആരോപണം. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ മറ്റത്തൂരിന് ഒന്നാം സ്ഥാനം ലഭിച്ചതോടെ ബഹളമായി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
6. മാർഗ്ഗം കളി
മാർഗം കളിയുടെ വിധി നിർണ്ണയത്തെ ചൊല്ലിയും തർക്കമുണ്ടായി. ഇന്നലെ പൂരംകളി മത്സരം നടക്കുന്നതിനിടെ ചേർപ്പ് ഉപജില്ലയിൽ നിന്നുള്ള ടീമിന്റെ പരിശീലകൻ വിധികർത്താവിനെ കയറിപ്പിടിക്കുകയും ചെയ്തിരുന്നു.