ഗുരുവായൂർ: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളായി. 835 പോയിന്റ് നേടിയാണ് ഇരിങ്ങാലക്കുട മുന്നിലെത്തിയത്. കലോത്സവത്തിന്റെ തുടക്കം മുതൽ അവസാനം വരെയും ഇരിങ്ങാലക്കുട തന്നെയാണ് മുന്നേറിയത്. 826 പോയിന്റുമായി തൃശൂർ ഈസ്റ്റ് രണ്ടാം സ്ഥാനം ഉറപ്പിച്ചു.
788 പോയിന്റ് നേടി ആഥിതേയരായ ചാവക്കാടും തൃശൂർ ഈസ്റ്റും മൂന്നാം സ്ഥാനം പങ്കിട്ടു. ചാലക്കുടിക്കാണ് നാലാം സ്ഥാനം. 785 പോയിന്റാണ് ചാലക്കുടി നേടിയത്. നാല് ദിവസം നീണ്ടു നിന്ന കലാമേള കൊടിയിറങ്ങിയപ്പോൾ വിവിധ മത്സരങ്ങളിലായി 199 അപ്പീലുകൾ ലഭിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ സമാപിക്കേണ്ട മത്സരം അവസാനിക്കാൻ മണിക്കൂറുകൾ നീണ്ടു. രാത്രി എട്ടോടെയാണ് മത്സരങ്ങൾ പൂർത്തിയായത്.
സമാപന സമ്മേളനം കെ.വി അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹരായ ഇരിങ്ങാലക്കുട ഉപജില്ലയ്ക്കുള്ള സ്വർണ്ണ കപ്പ് എം.എൽ.എ സമ്മാനിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ്. രേവതി അദ്ധ്യക്ഷയായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് മുഖ്യാതിഥിയായി. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ സമ്മാനം വിതരണം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നിർമല കേരളൻ, ഷൈലജ ദേവൻ, ടി.എസ് ഷെനിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. ഗീത തുടങ്ങിയവർ സംസാരിച്ചു.
പോയിന്റ് നിലയിങ്ങനെ
1. ഇരിങ്ങാലക്കുട - 835
2. തൃശൂർ ഈസ്റ്റ് - 826
3. ചാവക്കാട് -788
4. തൃശൂർ വെസ്റ്റ് - 788
5. ചാലക്കുടി - 785
6. വലപ്പാട് - 766
7. കുന്നംകുളം - 766