ചെറുതുരുത്തി: ഹൈസ്‌കൂൾ, കലാമണ്ഡലം പരിസരങ്ങളിൽ വർദ്ധിക്കുന്ന കഞ്ചാവ്, ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ചെറുതുരുത്തിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ ദിവസം സ്‌കൂൾ പരിസരത്ത് കഞ്ചാവുമാഫിയയുടെ ആക്രമണത്തിൽ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകന് ഗുരുതര പരിക്കേറ്റിരുന്നു.

മാഫിയാ പ്രവർത്തകർക്കെതിരെ നിരന്തരമായ പ്രതിരോധമാണ് വള്ളത്തോൾ നഗറിൽ ഡി.വൈ.എഫ്.ഐ നടത്തി വരുന്നത്. പ്രതിഷേധ ജാഥ സ്കൂൾ പരിസരത്ത് സമാപിച്ചു. തുടർന്നു നടന്ന യോഗത്തിൽ വി.കെ. ലത്തീഫ് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കെ.ആർ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈമാൻ മുഖ്യ പ്രഭാഷണം നടത്തി. എൻ.എ. മൻസൂർ, ജിതേഷ്, പി.ആർ. സതീഷ് തുടങ്ങിയവർ സംസാരിച്ചു.