ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സർവകലാശാല രജിസ്ട്രാർ ആർ.കെ. ജയപ്രകാശിന് കേരള കലാമണ്ഡലം സ്നേഹ നിർഭരമായ യാത്രയയപ്പു നൽകി. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ അദ്ധ്യാപകനായ ജയപ്രകാശ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് കലാമണ്ഡലം രജിസ്ട്രാറായി എത്തിയത്. ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതോടെ കാലാവധി നീട്ടി നൽകാൻ കലാമണ്ഡലം സർക്കാരിനോട് ആവശ്യപ്പെടുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തെങ്കിലും എൻ.എസ്.എസ് വിലങ്ങുതടിയായി മാറുകയായിരുന്നു.

കാലാവധി നീട്ടി നൽകാൻ എൻ.എസ്.എസ് വിസമ്മതിച്ചതോടെയാണ് രജിസ്ട്രാർ പദവിയിൽ നിന്നും പടിയിറങ്ങേണ്ടി വന്നത്. കലാമണ്ഡലം സർവകലാശാലയായ ശേഷം ഏറ്റവും ചെറിയ കാലയളവിൽ രജിസ്ട്രാർ പദവിയിലിരുന്നതും ജയപ്രകാശ് ആണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ രജിസ്ട്രാർക്ക് കഴിഞ്ഞു. വർഷങ്ങളായി സാങ്കേതികത്വത്തിന്റെയും നിയമത്തിന്റെയും ഊരാകുടുക്കിൽ കിടന്ന നിയമനങ്ങൾ പൂർത്തിയാക്കാനും, 24 അദ്ധ്യാപകരെ ഒറ്റയടിക്ക് നിയമനം നടത്തിയ ഫയലിൽ ഒപ്പുവയ്ക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

കൂത്തമ്പലത്തിൽ നടന്ന യാത്രയയപ്പു സമ്മേളനം വൈസ് ചാൻസലർ ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലത്തിന്റെ ഉപഹാരവും അദ്ദേഹം ജയപ്രകാശിന് സമർപ്പിച്ചു. ഭരണസമിതി അംഗങ്ങളായ എൻ.ആർ. ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ വകുപ്പുമേധാവികളായ ബാലസുബ്രഹ്മണ്യൻ, സുജാത, വയലാ രാജേന്ദ്രൻ, സംഘടനാ ഭാരവാഹികൾ, അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.