ചേർപ്പ്: പാലയ്ക്കലിൽ നിന്ന് 52 പവൻ സ്വർണ്ണാഭരണങ്ങളും ഡയമണ്ട് റിംഗും12,000 രൂപയും കവർന്ന ഹോംനഴ്‌സിനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തേവലംപാറ പാലത്തുംതലയ്ക്കൽ സൂസൻ ആന്റണിയെയാണ് (45) ചേർപ്പ് എസ്.ഐ
എസ്.ആർ. സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാലയ്ക്കൽ കൈക്കോടൻ പരേതനായ ലോനപ്പൻ ഭാര്യ എൽസിയുടെ (63) വീട്ടിലാണ് മോഷണം നടന്നത്. രണ്ടര വർഷത്തോളമായി എൽസിയുടെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു സൂസൻ.
എൽസിയുടെ ഭർത്താവ് ലോനപ്പന്റെ മരണശേഷമാണ് ഇവരെ പരിചരിക്കുന്നതിന് സൂസൻ കോട്ടയത്തെ ഹോം നഴ്‌സിംഗ് ഏജൻസി വഴി ഇവിടേക്ക് എത്തിയത്. എൽസിയുടെ മൂന്ന് പെൺമക്കളും കേരളത്തിന് പുറത്താണ് ജോലിചെയ്യുന്നത്.
എൽസി സ്വർണ്ണാഭരണവും പണവും അലമാരയിൽ സൂക്ഷിക്കുന്നത് സൂസന് അറിയാമായിരുന്നു. കഴിഞ്ഞ നാലിന് മുംബായിൽ കഴിയുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാൽ മൂന്നാം തിയ്യതി സൂസനെ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. പിറ്റേന്ന് മുംബായ്ക്ക് പോകുന്ന സമയത്ത് സ്വർണ്ണം വച്ചിരുന്ന അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി എൽസി അറിഞ്ഞത്. തുടർന്ന് വീട്ടുകാർ പരാതി നൽകുകയായിരുന്നു. കൊട്ടാരക്കരയിലെ വീട്ടിൽ നിന്നാണ് എസ്.ഐ എസ്.ആർ. സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സൂസനെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മോഷണം പോയ പത്ത് പവനോളം സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. മറ്റു സ്വർണ്ണാഭരണങ്ങൾ പണയം വച്ചതിനെ കുറിച്ചും പൊലീസിന് അറിവ് ലഭിച്ചിട്ടുണ്ട്. എ.എസ്.ഐ എ.ഡി. വിൻസന്റ്, സി.പി.ഒമാരായ എൻ. ഭരതനുണ്ണി, ബാബുരാജ്, വനിത സി.പി.ഒ എം.ആർ. ജിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.